ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ആശുപത്രി ബില്‍ അടയ്ക്കാന്‍ കഴിയാതിരുന്ന രോഗിയെ ജീവനക്കാര്‍ അടിച്ചുകൊന്നു. ക്വാര്‍സി ബൈപ്പാസിലുള്ള സ്വകാര്യ ആശുപത്രിക്കു മുന്നിലാണ് സംഭവം.
44 കാരനും കൂലി തൊഴിലാളിയുമായ സുല്‍ത്താന്‍ ഖാനാണ് മരിച്ചത്. മൂത്രതടസ്സത്തിന്റെ ചികിത്സക്കായാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ആദ്യം തന്നെ ചികിത്സാ നിരക്കിനെ കുറിച്ച് ചോദിച്ചതായി മരുമകന് ചമന്‍ പറയുന്നു. അള്‍ട്രാസൗണ്ട് സ്കാനിങ്ങിനു ശേഷം പറയാമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
എന്നാല്‍ സ്കാനിങ്ങില്ലാതെ തന്നെ ഹോസ്പ്പിറ്റല്‍ 5000 രൂപ ഈടാക്കി. തര്‍ക്കത്തെ തുടര്‍ന്ന് ഡിസ്ചാര്‍ജ് കഴിഞ്ഞ് ഇറങ്ങുകയായിരുന്ന സുല്‍ത്താനെയാണ് ആശുപത്രി ജീവനക്കാര്‍ റോഡിലിട്ട് തല്ലിക്കൊന്നത്. മുറിവാടക ഇനത്തില്‍ 4000 രൂപയിലധികം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.