പശ്ചിമ ബംഗാളില്‍ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ട വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമായി. സംഭവവുമായി ബന്ധപ്പെട്ട ഗവര്‍ണറോട് അടിയന്തര റിപ്പോര്‍ട്ട് തേടിയ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി.

സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ച ഉണ്ടെന്നും തെരഞ്ഞെടുപ്പ് സമാധാനപരമാകില്ലെന്നും എന്ന് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ പ്രത്യേക അധികാരം ഉപയോഗിച്ച് സംസ്ഥാനത്ത് കേന്ദ്രസേനാ വിന്യാസം നടത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

ബിജെപി അധ്യക്ഷന്‍ വാഹന വ്യൂഹത്തിന് എതിരായ ആക്രമണം ഉണ്ടായ വിഷയത്തില്‍ അസാധാരണമായ നടപടിക്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ വിഷയത്തില്‍ നേരിട്ടിടപെടുകയും സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യം നേരിടാന്‍ പകര്‍ച്ച വ്യാധി നിയമത്തെ കൂടി ഉപയോഗപ്പെടുത്തി നടപടികള്‍ ഉണ്ടാകും എന്നാണ് വിവരം. ഗവര്‍ണറോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുള്ളത് ഈ സാഹചര്യത്തിലാണ്.

പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ കേന്ദ്രസേനാ വിന്യാസം നടത്താനുള്ള നാടകമാണ് ബിജെപി നടത്തുന്നതെന്നാണ് മമതാ ബാനര്‍ജിയുടെ പ്രസ്താവന. കേന്ദ്രസേനാ വിന്യാസം ഉണ്ടായാല്‍ ശക്തമായി ചെറുക്കും എന്നാണ് തൃണമുല്‍ കോണ്‍ഗ്രസിന്റെ നിലപാട്. ഡയമണ്ട് ഹാര്‍ബര്‍ നേര്‍ത്ത് പര്‍ഗാന, മാള്‍ഡ തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും തൃണമൂല്‍- ബിജെപി സംഘര്‍ഷങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂടി അനുവാദത്തോടെ കേന്ദ്ര സേനയെ വിന്യസിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും എന്നും ബിജെപി നേതാക്കള്‍ പറയുന്നു. കേന്ദ്രസേനാ വിന്യാസത്തെ അനുകൂലിച്ച് സിപിഐഎം- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ രംഗത്ത് എത്തിയതിനെയും മമതാ ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചു.

സംസ്ഥാനത്ത് മറ്റൊരിടത്തും ഇല്ലാത്ത വിധം ബിജെപി- കോണ്‍ഗ്രസ്- സിപിഐഎം ഗൂഢാലോചനയും ഒത്തുകളിയും നടക്കുന്നതായാണ് ആരോപണം. കേന്ദ്ര സേനാ വിന്യാസത്തിന് തടയിടാന്‍ ജെ പി നദ്ദയ്ക്കും സംഘത്തിനും എതിരായ ആക്രമണം അന്വേഷിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ പ്രഖ്യാപിച്ചു.