കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളുമായി എയര്‍ ഇന്ത്യയുടെ രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. ബഹ്‌റൈനില്‍ നിന്നും, റിയാദില്‍ നിന്നുമാണ് വിമാനങ്ങള്‍ കേരളത്തിലെത്തുക. ബഹ്‌റൈനില്‍ നിന്ന് വരുന്ന വിമാനം നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും, റിയാദില്‍ നിന്നുമെത്തുന്ന വിമാനം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് പറന്നിറങ്ങുക. വിമാനത്താവളത്തില്‍ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് പ്രവാസികള്‍ക്ക് യാത്ര അനുമതി നല്‍കുകയുള്ളൂ. ആദ്യ ഘട്ടത്തില്‍ 200 പ്രവാസികളെ കരിപ്പൂരില്‍ എത്തിക്കും. ബഹ്‌റൈനില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം 10.40 ഓടെ കൊച്ചിയിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം 750 പേരുമായി മാലിയില്‍ നിന്നും പുറപ്പെട്ട നാവികസേനയുടെ കപ്പല്‍ ഞായറാഴ്ചയോടെ എത്തിച്ചേരും. രോഗലക്ഷണമുള്ള യാത്രക്കാരെ കണ്ടെത്തി അവരെ ആദ്യം ഇറക്കുകയും, മറ്റുള്ളവരെ ജില്ല തിരിച്ച് 50 പേര്‍ വീതമുള്ള ഗ്രൂപ്പുകളായും ഇറക്കും. കപ്പല്‍ ഞായറാഴ്ച എത്തുന്നതിന് മുന്നോടിയായി ജില്ലാ ഭരണകൂടം, പോലീസ്, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, സി.ഐ.എസ്.എഫ്., പോര്‍ട്ട് ഹെല്‍ത്ത് തുടങ്ങിയ ഉദ്യോഗസ്ഥരുമായി കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം. ബീന ചര്‍ച്ച നടത്തുകയും, ഐ.ജി. വിജയ് സാഖറെ, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ വ്യാഴാഴ്ച സാമുദ്രിക ക്രൂസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.