മനാമ > പ്രതിസന്ധിയിലായ പ്രവാസികള്ക്കായി നോര്ക്ക ഹെല്പ്പ് ഡെസ്ക്കും ബഹ്റൈന് കേരളീയ സമാജവും ചേര്ന്ന് കേരളത്തിലേക്ക് ചാര്ട്ടേഡ് ഫ്ളൈറ്റ് ഒരുക്കാന് ആലോചിക്കുന്നു. ഇക്കാര്യത്തിനായി ബന്ധപ്പെട്ട അധികൃതരെ സമീപിച്ചതായി സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള പറഞ്ഞു. ഇരു രാജ്യങ്ങളുടെയും അനുമതി ഇതിനാവശ്യമാണ്. 170 പേരെയെങ്കിലും ചാര്ട്ടേഡ് ഫ്ളൈറ്റില് കൊണ്ടുപോകാനാണ് ആലോചന.

അനുമതി ലഭിച്ചാല് താരതമ്യേനെ കുറഞ്ഞ നിരക്കില് കൊണ്ടുപോകാനാണ് പദ്ധതിയെന്നും ബന്ധപ്പെട്ടവര് അറിയിച്ചു. പ്രവാസികളെ തിരിച്ചുകൊണ്ടുപോകുന്നതിന്റെ രണ്ടാംഘട്ടത്തില് ബഹ്റൈനില്നിന്ന് കേരളത്തിലേക്ക് ഒരു വിമാനം മാത്രമാണുള്ളത്. ഈ മാസം 22ന് ഉച്ചക്ക് 1.35ന് തിരുവനന്തപുരത്തേക്കാണ് സര്വീസ്. 177 യാത്രക്കാര്ക്കാണ് അനുമതി. ആദ്യ ഘട്ടത്തില് രണ്ട് സര്വീസ് മാത്രമാണ് ഉണ്ടായിരുന്നത്- മെയ് എട്ടിന് കൊച്ചിയിലേക്കും 11ന് കോഴിക്കോട്ടേക്കും.

പൂര്ണ ഗര്ഭിണികളും രോഗികളുംമടക്കം നിരവധി അര്ഹരായവര് നാട്ടില് പോകാനായി കാത്തിരിക്കുകയാണെന്ന് നോര്ക്ക ഹെല്പ്പ് ഡെസ്കിന് ചുമതല വഹിക്കുന്ന ലോക കേരളാ സഭാ അംഗം സിവി നാരായണനും പ്രവാസി കമ്മീഷന് അംഗം സുബൈര് കണ്ണൂരും പറഞ്ഞു. അര്ഹമായ പലര്ക്കും ആദ്യ ഘട്ട സര്വീസില് ഇടം കിട്ടിയില്ലെന്ന പരാതിയും ഉയര്ന്നിരുന്നു. ജോലി നഷ്ടപ്പെട്ടും ദീര്ഘകാല രോഗങ്ങള്ക്കു മരുന്നില്ലാതെയും ബുദ്ധിമുട്ടുന്ന നിരവധി പേര് ഉണ്ട്. രണ്ടാം ഘട്ടത്തില് ഒരു വിമാനം മാത്രമായാല് ഇത്രയും പേര്ക്ക് പോകാനാകില്ല. ഈ സാഹചര്യത്തിലാണ് നോര്ക്കയും കേരളീയ സമാജവും ഇത്തരം ഒരു ദൗത്യത്തിന് ശ്രമം തുടങ്ങിയതെന്ന് ഇരുവരും പറഞ്ഞു.