മനാമ: ബഹ്​റൈനില്‍ കോവിഡ്​ -19 ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 135 ആയി. സല്‍മാബാദിലെ ലേബര്‍ ക്യാമ്ബില്‍ താമസിച്ചിരുന്ന 32 പേര്‍ക്കും മറ്റ്​ മൂന്ന്​ പേര്‍ക്കുമാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. അതിനിടെ, ഒരാള്‍കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്​തി നേടിയ ഇന്ത്യക്കാരുടെ എണ്ണം ആറായി.

സല്‍മാബാദിലെ ക്യാമ്ബിലുണ്ടായിരുന്ന 113 പ്രവാസി തൊഴിലാളികള്‍ക്ക്​ നേരത്തെ രോഗം സ്​ഥിരീകരിച്ചിരുന്നു. ആദ്യം താമസ സ്​ഥലത്തുതന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ച തൊഴിലാളികളെ കൂടുതല്‍ പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചതിനെത്തുടര്‍ന്ന്​​ ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്ക്​ മാറ്റുകയായിരുന്നു. ​

നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ പുറത്തുപോയിട്ടില്ലെന്നും പ്രവാസികള്‍ക്കിടയില്‍ രോഗം പടര്‍ന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി​. നിലവില്‍ 341 പേരാണ്​ രാജ്യത്ത്​ ചികിത്സയിലുള്ളത്​. 477 പേര്‍​​ സുഖം പ്രാപിച്ചു.