തിരുവനന്തപുരം > തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച്‌ ശക്തമായ ന്യൂനമര്‍ദം (Depression) ആയി മാറി. ഒഡീഷയിലെ പരാദീപ് തീരത്ത് നിന്ന് ഏകദേശം 1100 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയില്‍ നിന്ന് 1250 കി.മീയും ദൂരെയാണിത്. അടുത്ത 24 മണിക്കൂറില്‍ ഇത് വളരെ വേഗത്തില്‍ ചുഴലിക്കാറ്റായും (Cyclonic Storm) വീണ്ടും ശക്തിപ്രാപിച്ച്‌ ശക്തമായ ചുഴലിക്കാറ്റുമായി (Severe Cyclonic Storm) മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറില്‍ 62 കി.മീ മുതല്‍ 88 കി.മീ ആകുന്നഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. സിസ്റ്റത്തിലെ കാറ്റിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ 89 കി.മീ മുതല്‍ 117 കിമീ വരെ ആകുന്ന സിസ്റ്റങ്ങളെയാണ് ശക്തമായ ചുഴലിക്കാറ്റെന്ന് വിളിക്കുന്നത്. മെയ് 17 വരെ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും ദിശയില്‍ വ്യതിയാനം സംഭവിച്ച്‌ പശ്ചിമ ബംഗാള്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും തുടര്‍ന്നുള്ള അപ്ഡേറ്റുകള്‍ ശ്രദ്ധിക്കുക. പുറപ്പെടുവിക്കുന്ന മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം കര്‍ശനമായി പാലിക്കുക.

കേരളം ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തിലില്ല. ന്യൂനമര്‍ദത്തിന്റെ സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാന്തരീക്ഷവസ്ഥയില്‍ (കനത്ത മഴക്കും കാറ്റിനുമുള്ള സാധ്യത) വരാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.