ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണം ഊർജിതം. കേസുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിനെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡയിൽ വാങ്ങി. ബിനീഷ് കോടിയേരിയുമായുള്ള സാമ്പത്തിക ഇടപാടിനെ കുറിച്ച് അറിയാനാണ് അനൂപ് മുഹമ്മദിനെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വാങ്ങിയത്.

അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. ഇത് രണ്ടാം തവണയാണ് മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുക്കുന്നത്.

നേരത്തെ ബംഗളൂരു സെൻട്രൽ ജയിലിലെത്തി എൻഫോഴ്‌സ്‌മെന്റ് അനൂപിനെ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് ബിനീഷ് കോടിയേരിയെ ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തി ഇഡി ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരി ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അനൂപിനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.