വാഷിംഗ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും പ്രക്ഷേഭം കത്തുന്നു. പ്രക്ഷോഭം ഉടന്‍ അടിച്ചമര്‍ത്തിയില്ലെങ്കില്‍ സൈന്യത്തെ ഇറക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണിമുഴക്കി.
പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടാല്‍ സൈന്യത്തെ വിന്യസിക്കുമെന്നും അവര്‍ പ്രശ്നം വേഗത്തില്‍ പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞു. സംസ്ഥാനങ്ങള്‍ വിളിക്കുന്നില്ലെങ്കില്‍ പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് പട്ടാളത്തെ അയക്കും. കലാപത്തിനു പിന്നില്‍ പ്രഫഷണല്‍ അരാജകവാദികളും ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പായ ആന്റിഫയുമാണെന്ന് ട്രംപ് ആക്ഷേപിച്ചു. നടക്കുന്നത് ആഭ്യന്തര ഭീകരവാദപ്രവര്ത്തനമാണെന്നും വച്ചുപൊറുപ്പിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
വൈറ്റ് ഹൗസിന് മുന്നില്‍ കലാപകാരികളെ നിയന്ത്രിക്കാന്‍ നാഷണല്‍ ഗാര്‍ഡ് രംഗത്തിറങ്ങി. ഇന്നലെ കലാപകാരികള്‍ തീയിട്ട സെന്റ് ജോണ്‍സ് ദേവാലയത്തിലേക്ക് വൈറ്റ് ഹൗസില്‍ നിന്ന് പ്രസിഡന്റ് നടന്നു പോയി. ബൈബിളുമായി പള്ളിക്കുമുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
ഫോട്ടോ ഷൂട്ടിനുവേണ്ടി സമാധാനപരമായി പ്രക്ഷോഭം നടത്തിയവരെ ഗ്രനേഡും റബര്‍ ബുള്ളറ്റുകളും ഉപയോഗിച്ച് പോലീസ് ആക്രമിക്കുകയായിരുന്നെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന് ആരോപിച്ചു.
നമ്മുടെ മക്കള്‍ക്കുവേണ്ടി, നമ്മുടെ രാജ്യത്തിന്റെ ആത്മാവിനായി, നാം ട്രംപിന്റെ പരാജയപ്പെടുത്തണമെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മുന്‍നിരയിലുള്ള ഡെമോക്രാറ്റിക് നേതാവ് ട്വിറ്ററില്‍ പറഞ്ഞു.