ടാൽഹാസി, ഫ്ലോറിഡ: ഫ്ലോറിഡയിൽ കൊറോണാ വൈറസ് സംബന്ധിച്ച നിയന്ത്രണങ്ങൾക്ക് മേയ് 4 (തിങ്കൾ) മുതൽ ഭാഗികമായി ഇളവ് വരുത്തുമെന്ന് ഗവർണർ റാണ് ഡിസാന്‍റിസ് അറിയിച്ചു.

സംസ്ഥാനത്തെ മിയാമി-ഡേയ്ഡ് , ബ്ര വാർഡ് , പാം ബീച്ച് കൗണ്ടികൾ ഒഴികെയുള്ള മറ്റെല്ലാ കൗണ്ടികളും മേയ് 4 മുതൽ തുറന്നു പ്രവർത്തിക്കുന്നതിന് അനുകൂലമായ ഘട്ടത്തിലേക്ക് (ഫേസ് ഒന്ന്) എത്തിയിട്ടുണ്ടെന്നു ഗവർണർ പറഞ്ഞു. സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്‍റെ ആദ്യനടപടിയാണിത്.

മയാമി-ഡേയ് ഡ് , ബ്ര വാർഡ്, പാം ബീച്ച് കൗണ്ടികളിൽ ഫേസ് വൺ പിന്നീടു മാത്രമേ നടപ്പാക്കുകയുള്ളൂ. ഈ കൗണ്ടികളിൽ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ തുടരും.

തുറന്നു പ്രവർത്തിക്കുന്നതിനു അനുവാദം ലഭിച്ച മറ്റെല്ലാ കൗണ്ടികളിലും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. റസ്റ്ററന്‍റുകളിൽ നിലവിലുള്ള സിറ്റിംഗ് കപ്പാസിറ്റിയുടെ 25 ശതമാനം കസ്റ്റമേഴ്സിനെ മാത്രമേ അനുവദിക്കൂ. റസ്റ്ററന്‍റുകളിൽ ഔട്ഡോർ സീറ്റിംഗിന് ആറടി അകലം പാലിക്കേണ്ടതാണ് . റീട്ടെയിൽ ബിസിനസ് സ്ഥാപനങ്ങളിലും കസ്റ്റമേഴ്‌സിനെ അനുവദിക്കുന്നത് 25 ശതമാനമായി പരിമിതിപ്പെടുത്തിയിട്ടുണ്ട്. ജിം, ബാർ, വ്യക്തിഗത സേവനങ്ങൾ നൽകുന്ന ബിസിനസ് സ്ഥാപനങ്ങൾ എന്നിവ അടഞ്ഞു തന്നെ കിടക്കും. സീനിയർ ലിവിംഗ് സ്ഥാപനങ്ങൾ സന്ദർശിക്കുന്നത്തിനുള്ള വിലക്ക് തുടരും. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുകയില്ല , പകരം ഇന്‍റർനെറ്റ് വഴിയുള്ള വിദൂര പഠനം തുടരും.

മീഡിയയായിൽ അടിക്കടി പ്രസിദ്ധീകരിക്കപ്പെട്ട പേടിപ്പെടുത്തുന്ന ഭയാനകമായ പ്രവചനങ്ങൾ ഫ്ലോറിഡായെ സംബന്ധിച്ചിടത്തോളം യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നു (ഫാക്ടസ് വേഴ്സസ് ഫിയർ ) വസ്തുതകൾ നിരത്തികൊണ്ടു ഗവർണർ റോൺ ഡിസന്‍റിസ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കൊറോണാവൈറസ് വ്യാപനത്തെ തുടക്കം മുതലേ വളരെ ഫലപ്രദമായി നേരിട്ടെന്ന് ഗവർണർ പറഞ്ഞു. കൊറോണാ വൈറസ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിൽ ജനസംഖ്യകൊണ്ട് അമേരിക്കയിലെ മൂന്നാമത്തെ സംസ്ഥാനമായ ഫ്ലോറിഡയിൽ ആശ്വാസകരമായ മുന്നേറ്റമാണ് കാണുന്നത്. ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലും തുടർന്നു നടന്ന പത്രസമ്മേളനത്തിലും ഗവർണർ, മാധ്യമങ്ങളുടെ കൊറോണ വൈറസ് പ്രവചനത്തെ നിശിതമായി വിമർശിക്കുകയും അവ തികച്ചും അതിശയോക്തിപരമായിരുന്നുവന്നു വ്യക്തമാക്കുകയും ചെയ്തു.

ഫ്ലോറിഡായിലെ സ്റ്റേ അറ്റ് ഹോം ഉത്തരവ് അവസാനിപ്പിക്കുന്നതിനുള്ള മാർഗ രേഖ ഗവർണർ അറിയിച്ചു. വ്യാപനം തടയുവാനുള്ള നിയന്ത്രണങ്ങൾക്കു ക്രമേണ അയവു വരുത്തുന്നതോടൊപ്പം ജനങ്ങൾ വേണ്ടത്ര ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കൂടുതൽ ടെസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തുക , ആശുപത്രികളിലും മറ്റും കൂടുതൽ ബെഡുകളും മെഡിക്കൽ എക്വിപ്മെന്‍റ്സും കരുതുക തുടങ്ങി ഒട്ടേറെ തയാറെടുപ്പുകളാണുള്ളത്.

സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നതിൽ ഫ്ളോറിഡാക്കാർ വിജയിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ഇൻഡോർ ഔട്ഡോർ പരിപാടികൾ ആരംഭം മുതലേ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി വരുന്നവരെ എയർപോർട്ടുകളിലും സംസ്ഥാന അതിർത്തികളിലും വച്ച് പരിശോധിക്കുവാനല്ല സംവിധാനം ഏർപ്പെടുത്തി. അതോടൊപ്പം മുന്നറിയിപ്പുകളിലൂടെ ആവശ്യമായ ബോധവൽക്കരണം നൽകുവാനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തി. ബീച്ചുകളും പാർക്കുകളും അടച്ചിട്ടു.

സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്മെന്‍റിന്‍റെ കണക്കനുസരിച്ചു 33193 പേർക്ക് പോസിറ്റീവ് ടെസ്റ്റ് റിസൾട്ടും 1218 കോവിഡു മരണവും ഇതുവരെ രേഖപ്പെടുത്തിയതായിട്ടാണ് റിപ്പോർട്ട്.

റിട്ടയർമെന്‍റിനുശേഷം വിശ്രമജീവിതം നയിക്കുന്ന ധാരാളം പേർ താമസിക്കുന്ന ഫ്ലോറിഡ, അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, കൂടാതെ ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നും ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ഇക്കാരണങ്ങളാൽ ഫ്ലോറിഡായിൽ കൊറോണ വൈറസ് വ്യാപനം എപ്രകാരം നേരിടുമെന്നുള്ളതിൽ ആരോഗ്യവകുപ്പ് മേധാവികളും ഫെഡറൽ -സ്റ്റേറ്റ് ഭരണാധികാരികളും ആശങ്കാകുലരായിരുന്നു.

സമയോചിതമായി തീരുമാനങ്ങളെടുക്കുന്നതിലും അവ നടപ്പാക്കുന്നതിലും ഫ്ലോറിഡയിൽ സംസ്ഥാന – പ്രാദേശിക ഭരണകൂടങ്ങൾ സഹകരണത്തോടെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കണം. ഫ്ലോറിഡയിലെ ചൂടു കാലാവസ്ഥ വൈറസ് വ്യാപനത്തെ തടയുവാൻ കഴിഞ്ഞ കാരണങ്ങളിലൊന്നായി കരുതപ്പെടുന്നു.

റിപ്പോർട്ട്: തോമസ് ടി. ഉമ്മൻ