ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(ഫൊക്കാന)യുടെ 2020-2022 ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് താൽക്കാലികമായി മാറ്റി വച്ചു. ലോകം മുഴുവൻ പടരുന്നുകൊണ്ടിരിക്കുന്ന കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ഫൊക്കാന ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം, ഇലക്ഷൻ കമ്മീഷൻ കമ്മിറ്റി അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ബെൻപോൾ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ജൂലൈ 10 നു ന്യൂജേഴ്സിയിലെ അറ്റ്ലാന്റിക്ക് സിറ്റിയിലുള്ള ബാലിസ് അറ്റ്ലാന്റിക്ക് സിറ്റി ഹോട്ടൽസ് ആൻഡ് റിസോർട്ട്സിലായിരുന്നു പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടക്കാനിരുന്നത്. കോവിഡ് -19 മൂലമുണ്ടായ അനശ്ചിതത്വത്തെ തുടർന്ന് അംഗ സംഘടനകൾക്ക് തെരെഞ്ഞെടുപ്പ് പ്രതിനിധികളെ തെരെഞ്ഞെടുക്കുന്നതിലും നിശ്ചിത രേഖകൾ സമയബന്ധിതമായി തെരഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിക്കുന്നതിലുമുള്ള ബുദ്ധിമുട്ടും പരിഗണിച്ചാണ് ഈ തീരുമാനം.

സാഹചര്യങ്ങൾക്കനുസരിച്ചു ഇലക്ഷൻ കമ്മീഷൻ വീണ്ടും കൂടിയാലോചന നടത്തിയ ശേഷമായിരിക്കും പുതിയ തെരെഞ്ഞെടുപ്പ് തിയതി തീരുമാനിക്കുക. തെരെഞ്ഞെടുപ്പ് തിയതി മാറ്റി വച്ചതിനാൽ തെരെഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമായയുള്ള നാമ നിർദ്ദേശ പത്രികകൾ സ്വീകരിക്കുന്നതും താൽക്കാലികമായി മാറ്റി വച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് ഇലക്ഷൻ കമ്മീഷൻ ചെയർമാൻ കുര്യൻ പ്രക്കാനം, അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ബെൻപോൾ എന്നിവരുമായി ബന്ധപ്പെടുക.