ന്യൂജഴ്സി ∙ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ അഭിമുഖ്യത്തിൽ നടന്നുവരുന്ന വിഡിയോ കോൺഫറൻസ് സംവാദ പരിപാടിയുടെ സെപ്റ്റംബർ 26 യോഗത്തിൽ മുഖ്യാതിഥിയായി വനിതാ കമ്മിഷൻ മുൻ അംഗവും കേരള യൂണിവേഴ്സിറ്റി റിട്ട. പ്രഫസറും കവയിത്രിയുമായ ഡോ. പ്രമീള ദേവി പങ്കെടുത്തു. പ്രഭാഷണത്തിൽ ദേശീയ വിദ്യാഭ്യാസ നയം, കാർഷിക ബിൽ എന്നിവയുടെ പ്രസക്തിയെക്കുറിച്ചും ഇന്ത്യയിലെ സ്ത്രീ ശാക്തികരണം, വികസനം, വർത്തമാന കേരളത്തിലെ സജീവ വിവാദങ്ങളായ സ്വർണ്ണക്കടത്ത് കേസ്, കള്ളപ്പണം എന്നീ വിഷയങ്ങൾ വരെ പരാമർശിക്കപ്പെട്ടു.
ഫൊക്കാന ഭാരവാഹികളും അംഗങ്ങളുമായി ക്രിയാത്മകമായ ചർച്ചകളും ഡോ. പ്രമീള ദേവി നടത്തി. ഡോ. സുജ ജോസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മാധവൻ ബി നായർ അദ്ധ്യക്ഷ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ടോമി കൊക്കാട്ട് നന്ദി അറിയിച്ചു.