തെരഞ്ഞെടുപ്പ് പട്ടികയിൽ പേരുള്ള യുവതിക്കും യുവാവിനും പോലീസിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം ചൂണ്ടിക്കാട്ടിയുള്ള വീഡിയോ പങ്കുവച്ച് നടൻ ജോയി മാത്യു. ഫാസിസം അങ്ങ് വടക്കേ ഇന്ത്യയിലല്ല ഇങ്ങ് കേരളത്തിലാണെന്ന് ജോയ് മാത്യു പറയുന്നു. പോലീസിന് മുന്നിൽ വച്ചാണ് ഇവർ മർദ്ദിക്കപ്പെട്ടത്. ഈ പഞ്ചായത്തിൽ ജനിച്ച് വളർന്നവർക്കേ ഇവിടെ വോട്ട് ചെയ്യാനാകൂ എന്നാണ് ഇവരെ മർദ്ദിക്കുന്നവരുടെ വാദം.

കുമ്മനോട് വാർഡിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ഇത്തരത്തിൽ നൂറ് കണക്കിന് ആളുകളാണ് ഇവിടെ നിന്നും വോട്ട് ചെയ്യാനാകാതെ മടങ്ങിയത്. സംഭവം വിവാദമായതോടെയാണ് ജോയ് മാത്യു വീഡിയോ പങ്കുവച്ച് രംഗത്തെത്തിയത്.

വയനാട് സ്വദേശിയായ വോട്ടർ ജോലിയുടെ ഭാഗമായി കഴിഞ്ഞ 14 വർഷമായി കിഴക്കമ്പലത്ത് ഭാര്യയും മക്കളുമൊത്ത് വാടകയ്ക്ക് താമസിച്ചു വരുന്നയാളാണ് മർദ്ദനത്തിന് ഇരയായത്. ഇയാൾക്ക് വേറെ എവിടെയും വോട്ടുമില്ല. എന്നാൽ കിഴക്കമ്പലം പഞ്ചായത്തിൽ ആര് വോട്ടുചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നാണ് യുവാവിനെ അക്രമിക്കുന്നവരുടെ വാദം.