വത്തിക്കാന്‍ സിറ്റി: പ്രാർത്ഥന വിശ്വാസത്തിൻറെ പ്രാണവായുവാണെന്ന് ഓര്‍മ്മിപ്പിച്ചുക്കൊണ്ട് പുതിയ പ്രഭാഷണ പരമ്പരയ്ക്കു ഫ്രാന്‍സിസ് പാപ്പ തുടക്കം കുറിച്ചു. പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ ഇന്നലെ ബുധനാഴ്ചയാണ് (06/05/20) ഫ്രാൻസിസ് പാപ്പയുടെ പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പ്രാര്‍ത്ഥനയെ അധികരിച്ച് പ്രഭാഷണ പരമ്പര ആരംഭിച്ചിരിക്കുന്നത്. ഇന്നു നമ്മൾ പ്രാർത്ഥനയെ അധികരിച്ച് പുതിയൊരു പ്രബോധന പരമ്പര ആരംഭിക്കുകയാണ്. പ്രാർത്ഥന, വിശ്വാസത്തിന്റെ പ്രാണവായുവാണ്. വിശാസത്തിൻറെ എറ്റം ഉചിതമായ ആവിഷ്ക്കാരമാണ്. വിശ്വസിക്കുകയും ദൈവത്തിന് സ്വയം സമർപ്പിക്കുകയും ചെയ്യുന്ന വിശ്വാസിയുടെ ഹൃദയത്തിൽ നിന്നുയരുന്ന രോദനം പോലെയാണ് അത്. സുവിശേഷത്തിൽ കാണുന്ന ബർത്തമേയൂസിൻറെ കഥ വിവരിച്ചുകൊണ്ടായിരിന്നു പാപ്പയുടെ തുടര്‍ന്നുള്ള പ്രഭാഷണം.

ദൈവത്തിൻറെ കാരുണ്യത്തെയും ശക്തിയെയും ആകർഷിച്ചത് അവന്റെ ഉറച്ച വിശ്വാസമാണ്. ഉയർത്തിപ്പിടിച്ച രണ്ടു കരങ്ങളും രക്ഷയെന്ന ദാനം ഉച്ചത്തിൽ വിളിച്ചപേക്ഷിക്കുന്ന ഒരു സ്വരവും ഉണ്ടായിരിക്കുക എന്നതാണ് വിശ്വാസം. “എളിമയാണ് പ്രാർത്ഥനയുടെ അടിസ്ഥാനം” എന്ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു (2559) . പ്രാർത്ഥന പിറവിയെടുക്കുന്നത് മണ്ണിൽ നിന്നാണ്, ജൈവമണ്ണിൽ നിന്നാണ്. താഴ്മ എന്നതിൻറെ മൂലം അതിലാണ്. നമ്മുടെ പ്രതിസന്ധി നിറഞ്ഞ അവസ്ഥയിൽ, ദൈവത്തിനായുള്ള ദാഹത്തിൽ നിന്നാണ് പ്രാർത്ഥന ഉയരുന്നത്.

വിശ്വാസം ഉച്ചസ്വരമാണെന്ന് ബർത്തിമേയൂസിൽ നാം കണ്ടു; വിശ്വാസ രാഹിത്യമാകട്ടെ ആ സ്വരത്തെ ഞെരുക്കലാണ്, അതാണ് ആ ജനത്തിനുണ്ടായിരുന്നത്, അവർ അവനെ നിശബ്ദനാക്കാൻ ശ്രമിച്ചു. അവർ വിശ്വാസമുള്ളവരായിരുന്നില്ല. ഇത് ഒരുതരം മൗനമാണ്. വിശ്വാസരാഹിത്യമാകട്ടെ, നാം ഇഴുകിച്ചേർന്ന ഒരു അവസ്ഥയ്ക്ക് വിധേയമായിരിക്കുന്നതിൽ ഒതുങ്ങലാണ്. രക്ഷപ്രാപിക്കാമെന്ന പ്രത്യാശയാണ് വിശ്വാസം, എന്നാൽ അവിശ്വാസമാകട്ടെ, നമ്മെ അടിമയാക്കിയിരിക്കുന്ന തിന്മയോട് ഒത്തുപോകലാണെന്നും പാപ്പ പറഞ്ഞു.

വിരുദ്ധമായ എല്ലാ വാദങ്ങളെക്കാളും ശക്തമായ ഒരു യാചനാസ്വരം മാനവ ഹൃദയത്തിലുണ്ട്. ആരുടെയും നിർദ്ദേശം കൂടാതെ സ്വമേധായ പുറപ്പെടുന്ന ഒരു സ്വരമാണത്. ഇഹലോകത്തിലെ നമ്മുടെ യാത്രയുടെ പൊരുളിനെക്കുറിച്ച്, വിശിഷ്യ, നാം അന്ധകാരത്തിലാഴുമ്പോൾ, ചോദ്യമുയർത്തുന്ന ഒരു സ്വരമാണത്. “യേശുവേ എന്നോടു കരുണ കാട്ടണമേ! യേശുവേ ഞങ്ങളെല്ലാവരോടും കരുണയായിരിക്കണമേ!” കാരുണ്യത്തിൻറെ രഹസ്യം നിയതമായി പൂർത്തീകരിക്കപ്പെടുന്നതിനായി സകലവും വിളിച്ചപേക്ഷിക്കുന്നു. മാധ്യമങ്ങളിലൂടെ ശ്രവിക്കുന്ന യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം അര്‍പ്പിച്ച് ആശീര്‍വ്വാദം നല്‍കിക്കൊണ്ടാണ് പാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.