ദുബായ്: ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങിയതിന്‍്റെ മറവില്‍ ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാമെന്ന് നടിച്ച്‌ വെട്ടിപ്പ് സംഘം രംഗത്ത്. ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് സര്‍വീസുകളും ആരംഭിക്കാന്‍ പോകുന്നുവെന്നും അതിലേക്ക് ടിക്കറ്റ് ശരിപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇതിനകം ഒരുപാട് പേര്‍ തട്ടിപ്പിനിരയായതോടെ പരാതിയുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തി.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സീറ്റ് ഉറപ്പിക്കുന്നതിനായി വന്‍തുകയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. മുന്‍കൂറായി പലരില്‍ നിന്നും സംഘം പണം തട്ടിയെടുത്തു കഴിഞ്ഞു. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓടിക്കുന്നതിനെപ്പറ്റി ഒരു തീരുമാനവുമായിട്ടില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. തീരുമാനമാകുമമ്ബോള്‍ അറിയിക്കുമെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി.

യു.എ.ഇയിലെ ചില സംഘവും ട്രാവല്‍ ഏജന്‍സികളുമാണ് തട്ടിപ്പിന് പിന്നില്‍. ഇവര്‍ക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസുമായി യാതൊരു ബന്ധവുമില്ല. ഇവര്‍ വിചാരിച്ചാല്‍ ടിക്കറ്റ് കിട്ടത്തുമില്ല. കൊവിഡിന്‍്റെ മറവില്‍ പാവപ്പെട്ടവരില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് ലക്ഷ്യം. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന് കാത്തിരിക്കുന്നവരാണ് ഇവരുടെ ചതിയില്‍ വീഴുന്നത്.

ഇന്ത്യയില്‍ ഇന്ന് മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പുകാര്‍ ആള്‍ക്കാരെ വിശ്വസിപ്പിക്കുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് സീറ്റ് കിട്ടുക എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. പണം വാങ്ങി മുങ്ങുകയാണ്.