കൊച്ചി: മാലദ്വീപില്‍ കുടുങ്ങിയ പ്രവാസികളെയും കൊണ്ടുളള ആദ്യ കപ്പലായ ഐഎന്‍എസ് ജലാശ്വ കൊച്ചി തുറമുഖത്ത് അടുക്കുമ്ബോള്‍ അവരെ വരവേല്‍ക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി ആരോഗ്യ വകുപ്പ്. സ്വീകരണം കുറ്റമറ്റതാക്കാന്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി മോക്ക് ഡ്രില്ലുകള്‍ നടത്തിക്കഴിഞ്ഞു.കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും കോവിഡ് ഇതര രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ തുറമുഖത്ത് ക്രമീകരിച്ചിട്ടുണ്ട്.

മൂന്നു ക്ലസ്റ്ററുകളായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര ആരംഭിക്കുന്നതെങ്കിലും യാത്രക്കിടയില്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടമാകുന്ന ആളുകളെ തുറമുഖത്തെത്തുമ്ബോള്‍ തന്നെ ഐസോലേഷന്‍ ഏരിയയിലേക്ക് മാറ്റും. സുരക്ഷ വസ്ത്രങ്ങള്‍ ധരിച്ച പൊലീസുകാരുടെ സഹായത്തോടു കൂടി ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുമായിരിക്കും ഇവരെ പരിശോധനക്കും തുടര്‍ന്നുള്ള നിരീക്ഷണത്തിനുമായി കൊണ്ടുപോകുക.

കോവിഡ് ഇതര രോഗങ്ങള്‍ ഉള്ള യാത്രക്കാരുടെ ആരോഗ്യ കാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോര്‍ട്ട് ട്രസ്റ്റ്‌ആശുപത്രിക്കാണ്. ഇവരെ നിരീക്ഷിക്കാനും വിദഗ്ദ ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതുറപ്പാക്കാനും ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ഉറപ്പാക്കും. പ്രാഥമിക ചികിത്സക്ക് ശേഷം ആരോഗ്യം മെച്ചപ്പെടുകയാണെങ്കില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. വിദഗ്ദ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനായി മറ്റ് ആശുപത്രികളിലേക്ക് മാറ്റും.

യാതൊരു തരത്തിലുമുള്ള രോഗലക്ഷണമില്ലാത്തവര്‍ക്ക് സാധാരണ തരത്തിലുള്ള പരിശോധന പൂര്‍ത്തിയാക്കി അതാത് ജില്ലകളിലെ നിരീക്ഷ കേന്ദ്രങ്ങളിലേക്ക് മാറ്റും. വിദേശത്തു നിന്നെത്തുന്ന ആളുകളുമായി ഇടപഴകുന്ന ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ കൂടി ഉറപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍. യാത്രക്കാരുമായി ഇടപഴകുന്ന എല്ലാവര്‍ക്കും പിപിഇ കിറ്റുകള്‍ ഉള്‍പ്പടെ ഉറപ്പാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ഇമിഗ്രേഷന്‍ നടപടികള്‍ കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കി നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.