ഖത്തറില്‍ നിന്നു മടങ്ങുന്ന പ്രവാസി യാത്രക്കാര്‍ക്ക് യാത്രയ്ക്കു മുന്‍പ് കോവിഡ് പരിശോധനയില്ല. വിമാനത്താവളത്തില്‍ ശരീര ഊഷ്മാവ് അറിയുന്നതിനുള്ള തെര്‍മല്‍ സ്‌ക്രീനിങ് ഉണ്ടായിരിക്കും.കോവിഡ് പരിശോധന സംബന്ധിച്ച്‌ ഇന്ത്യന്‍ എംബസിയില്‍ നിന്നു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നു യാത്രക്കാര്‍ വ്യക്തമാക്കി.

നാളെയും മറ്റന്നാളും യാത്ര തിരിക്കുന്നവര്‍ക്കുള്ള ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ കൈമാറി. നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുടെ വിവരശേഖരണത്തിനുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഇന്ത്യന്‍ എംബസി പുനരാരംഭിച്ചു. അതിനിടെ, കോവിഡ് പ്രതിസന്ധിക്കു മുന്‍പ് നാട്ടിലേക്കു മടങ്ങാന്‍ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വീണ്ടും മുഴുവന്‍ തുകയും നല്‍കി ടിക്കറ്റ് എടുക്കേണ്ടി വന്നത് പരാതിക്കിടയാക്കി. നേരത്തെ നല്‍കിയ തുക മടക്കി നല്‍കാനോ, നിലവിലെ ടിക്കറ്റില്‍ തുക കുറച്ചു നല്‍കാനോ അധികൃതര്‍ തയാറായില്ലെന്നാണു പരാതി.