ലോസാഞ്ചലസ്; കര്‍ണാടക നവജീവന്‍ സമിതി സ്ഥാപകന്‍ ഡോ. എബ്രഹാം പി. തോമസിന്റെ ജീവിതത്തെയും പ്രവര്‍ത്തിമേഖലകളെക്കുറിച്ചും തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ റിലീസ് 12-ന് ശനിയാഴ്ച രാവിലെ 8.30-ന് നടക്കും. (ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകുന്നേരം 9 മണി) സൂം മീറ്റിങ്ങില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ നിരവധി പേര്‍ ആശംസകളര്‍പ്പിക്കും. മാര്‍ത്തോമ സഭ അമേരിക്കന്‍ ഭദ്രസനാധിപന്‍ ഡോ. ഐസക്ക് മാര്‍ പീലിസ്‌കിനോസ് അനുഗ്രഹ പ്രഭാഷണം നടത്തും. ചെങ്ങന്നൂര്‍ ഭദ്രസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് ഡോക്യുമെന്ററി പ്രകാശനം ചെയ്യും. ഡോ. എബ്രഹാം മാര്‍ പൗലോസ്, ഡോ. ജോര്‍ജ് സാമുവല്‍, റവ. ഡോ. ഡി. ഫിലിപ്പ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.

റാന്നി മന്ദമരുതി ചെറുവാഴക്കുന്നേല്‍ കുടുംബാംഗമായ ഡോ. തോമസ് കോളാറില്‍ ബൈബിള്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ലഭിച്ച സുവിശേഷ ദര്‍ശനത്തില്‍ സിഎഡ്എസ്എം പ്രവര്‍ത്തകനായി ഒരു ദശാബ്ദം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അമേരിക്കയില്‍ ഉപരിപഠനം നടത്തി. മനഃശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് ഡോക്ടറേറ്റും കരസ്ഥമാക്കി കര്‍ണാടകയിലെ ദേവനഹള്ളിയില്‍ 1969-ല്‍ നവജീവന്‍ സമതിക്ക് രൂപം നല്‍കി. സാധാരണക്കാരായ ഗ്രാമീണരുടെ ഇടയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള സ്‌കൂള്‍, ഭവന പദ്ധതികള്‍, ഗ്രാമീണ സഹകരണ സംഘങ്ങള്‍, റോഡ് നിര്‍മ്മാണം, കന്നുകാലികളെ വിതരണം ചെയ്യല്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍, മെഡിക്കല്‍ ക്യാംപുകള്‍ തുടങ്ങി വന്‍ പ്രവര്‍ത്തനങ്ങള്‍ പിന്നീട് മര്‍ത്തോമ സഭ ഏറ്റെടുത്ത് ഇപ്പോള്‍ മുന്നൂറ്റിയമ്പതില്‍ പരം ഗ്രാമങ്ങളില്‍ നടന്നുവരുന്നു. കഴിഞ്ഞ അമ്പതു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൂറുകണക്കിനാളുകള്‍ വിശ്വാസം സ്വീകരിച്ച് സഭയോടു ചേരുകയും നിരവധി ദേവാലയങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തു. ഭാരതത്തിലെ സുവിശേഷ പ്രവര്‍ത്തനത്തിനു ഗണനീയമായ സംഭാവനകള്‍ നല്‍കിയ ഡോ. തോമസിന് 2004-ല്‍ മാര്‍ത്തോമ സഭ മാനവസേവാ അവാര്‍ഡ് നല്‍കി ആദരിച്ചു.

അമേരിക്കയിലും കേരളത്തിലുമായി സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ഡോക്യുമെന്ററി ജിജി എബ്രഹാം നിര്‍മ്മിച്ച്, രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനായ മനു തുരുത്തിക്കാടാണ്. ക്യാമറ ഷാര്‍പ്പ് കട്ട്‌സ്, എഡിറ്റിങ് ജോണ്‍ വെസ്‌ലി, നിര്‍മ്മാണ നിര്‍വ്വഹണം സാബു എബ്രഹാം.

പുതിയ തലമുറയ്ക്ക് അന്യമായിരിക്കുന്ന പല ഓര്‍മ്മകളും ഡോ. തോമസ് ഡോക്യുമെന്ററിയില്‍ പങ്കുവെക്കുന്നു. കപ്പലിലെ യാത്രകള്‍ ഒരു മാസമെടുത്ത് ലഭിക്കുന്ന കത്തുകള്‍ തുടങ്ങിയ ഓര്‍മ്മകള്‍, ഫ്‌ലോറിഡയില്‍ വിശ്രമം ജീവിതം നയിക്കുകയാണ് എബ്രഹാം തോമസ്. എബി തോമസ്, ടോം തോമസ് എന്നിവരാണ് മക്കള്‍. പരേതയായ ഗ്രയിസ് തോമസാണ് ഭാര്യ.

സൂമിനു പുറമേ പ്രവാസി ചാനല്‍ യുഎസ്എയുടെ ഫേസ്ബുക്ക് പേജിലും തത്സമയം കാണാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 818 470 4961