കാഞ്ഞിരപ്പള്ളി: സ്വന്തം രചനയും സംഗീതവും ആലാപനത്തിന്റെ മാധുരിയുമായി ഒരു രൂപതാധ്യക്ഷന്‍. മാര്‍ ജോസ് പുളിക്കലിന്റെ കവിത ‘മടക്കം’ പ്രതീക്ഷയും ആസ്വാദ്യതയും പകരുകയാണ്. കോവിഡ് ദുരിതത്തില്‍ വിലപിക്കുന്ന ലോകത്തിനു പ്രത്യാശയുടെ സന്ദേശം പകരുകയാണ് ഈ കവിത.

‘മരണം മണക്കുന്നു, വൈറസിന്‍ താണ്ഡവം ഉയരുന്നു

ഊഴിതന്‍ ഉടല്‍ നിറയെ, കാലം കറുത്തു മനുഷ്യന്‍

വിതുന്പി ഭീതി വിതച്ചീ കോവിഡിന്‍ തേര്‍വാഴ്ച,

ആരു തീര്‍ത്തതീ മഹാമാരി

ആരൊടുക്കുമീ വൈറസിന്‍ ക്രൂരത …. എന്നു തുടങ്ങുന്ന 25 വരി കവിതയാണ് മാര്‍ പുളിക്കല്‍ രചിച്ചത്. കാഞ്ഞിരപ്പള്ളി അമല സ്റ്റുഡിയോയില്‍ ജോയി ജോസഫ് ഒറ്റപ്ലാക്കലാണ് റിക്കാര്‍ഡിംഗ് നടത്തിയത്. ജോബ് കുരുവിള കരിക്കാട്ടുപറന്പില്‍ വയലിന്‍ വായിച്ചു.

കോവിഡ് കാലത്തെ ജനങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും വേദനകളും ഭാരങ്ങളുമൊക്കെ വേദനയുളവാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ആശ്വാസം തേടി നാമെല്ലാം ദൈവത്തിലേക്കും മനുഷ്യരിലേക്കും പ്രപഞ്ചത്തിലേക്കും മടങ്ങണം. എല്ലാ മഹാമാരികളും അസംതുലിതാവസ്ഥയും പ്രകൃതിയുടെതന്നെ പ്രതിഫലനങ്ങളുമാണ്. ഒരിക്കലും ദൈവശിക്ഷയായി കരുതേണ്ടതില്ല. മനുഷ്യരോടും പ്രകൃതിയോടും ചെയ്യുന്ന തെറ്റുകള്‍ക്കു സ്വാഭാവികമായുണ്ടാകുന്ന പ്രതിഫലനമാണിതെന്നു തിരിച്ചറിയാം.

ഒപ്പം ദൈവത്തിലേക്കുള്ള മടക്കത്തിനുള്ള സന്ദേശവും ഇതു നല്‍കുന്നു. യാത്രയില്‍ പിഴവുകള്‍ വന്നാല്‍ തിരികെ നടക്കണമെന്ന് ദൈവം മക്കള്‍ക്കു നല്‍കുന്ന അടയാളങ്ങളായി ഇതിനെ ഉള്‍ക്കൊള്ളണം. ദൈവത്തെയും പ്രപഞ്ചത്തെയും മറക്കാതെ ദൈവിക പദ്ധതിയിലേക്കു മനുഷ്യന്‍ മടങ്ങണമെന്ന സന്ദേശമാണ് കവിത രചിക്കാന്‍ നിമിത്തമായതെന്ന് മാര്‍ പുളിക്കല്‍ പറയുന്നു.