സെവിയ്യ: യൂറോ കപ്പ് ഗ്രൂപ് ഇയിലെ ഉഗ്ര പോരാട്ടത്തില്‍ കരുത്തരായ സ്പെയ്നിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് സ്വീഡന്‍. പന്തടക്കത്തിലും പാസിലും മുന്നിട്ടുനില്‍ക്കുകയൂം പലവട്ടം ഗോളിനരികെ എത്തുകയും ചെയ്തിട്ടും സ്വീഡിഷ് പ്രതിരോധ കോട്ടപൊളിച്ച് വലകുലുക്കാന്‍ സ്പെയ്നിനായില്ല. നിരവധി ഷോട്ടുകള്‍ സേവ് ചെയ്ത സ്വീഡന് ഗോളി റോബിന്‍ ഒല്‍സനാണ് മത്സരത്തിലെ ഹീറോ.
മൊറാറ്റയെ ഏക സ്ട്രൈക്കറാക്കിയാണ് സ്പാനിഷ് കോച് ലൂയിസ് എന്‍റിക്വെ സ്വീഡനെതിരെ ടീമിനെ ഒരുക്കിയത്. കുറുകിയ പാസുമായി തനതു ശൈലിയില്‍ കളി നിയന്ത്രണം ഏറ്റെടുത്ത് മുന്നേറിയെങ്കിലും സ്പാനിഷ് പടയോട്ടങ്ങള്‍ ഗോള്‍വരക്കിപ്പുറത്ത് അവസാനിച്ചു. ഇരുപകുതിയിലും നിരവധി അവസരങ്ങളാണ് സ്പെയ്നിന് ലഭിച്ചത്. ഒന്നിനു പിറകെ ഒന്നായി അവസരങ്ങള്‍ മുന്നേറ്റനിര നശിപ്പിച്ചു. അല്‍വാരോ മൊറാറ്റയാണ് അവസരം തുലക്കുന്നതില്‍ മുന്നിട്ടുനിന്നത്. മറുവശത്ത് സ്വീഡന്‍ കൗണ്ടര്‍ അറ്റാക്കിലാണ് ശ്രദ്ധയൂന്നിയത്. ഇരുപകുതിയും ഗോളുറപ്പിച്ച ഒന്നുരണ്ടു അവസരം നിര്‍ഭാഗ്യം കൂട്ടുകൂടിയപ്പോള്‍ ലക്ഷ്യത്തിലെത്തിയതുമില്ല. ആദ്യ പകുതി അലക്സാണ്ടര്‍ ഇസാക്കിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങിയത് സ്വീഡന്റെ നിര്‍ഭാഗ്യത്തിന്റെ അടയാളമായി. രണ്ടാം പകുതി പാബ്ലോ സറാബിയ, തിയാഗോ അല്‍കന്‍റാര, ജെറാഡ് മൊറീന്യോ എന്നിവരെയെല്ലാം കോച്ച് എന്‍റിക്വെ ഇറക്കിനോക്കിയെങ്കിലും ഫലം കണ്ടില്ല.
കോവിഡിനു പിറകെ ടീമിലും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സ്പാനിഷ് ടീമിന് യൂറോ ഫലം നാട്ടിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍ അവസാനിക്കാതെയായിരുന്നു സ്പാനിഷ് അര്‍മഡ ബൂട്ടുകെട്ടിയത്. കോവിഡ് ബാധിതരായി സെര്‍ജിയോ ബുസ്കെറ്റ്സും ഡീഗോ ലോറെന്‍റെയും പുറത്തിരിക്കുകയും റയല്‍ നിരയിലെ സെര്‍ജിയോ റാമോസ് ഉള്െപടെ പ്രമുഖരെ വിളിക്കാതിരിക്കുകയും ചെയ്താണ് ഇത്തവണ സ്പെയിന് യൂറോ ചാമ്ബ്യന്‍ഷിപ്പ് കളിക്കാന്‍ വിമാനം കയറിയത്. ഇതോടെ ടീമിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരുന്നു. ബാഴ്സ കൗമാര താരം പെഡ്രി നയിച്ച ആക്രമണങ്ങള്‍ പ്രതീക്ഷ നല്‍കിയ കളിയില്‍ പക്ഷേ, ലക്ഷ്യം കാണുന്നതില്‍ ടീം പരാജയമാകുകയും ചെയ്തു.
സമനിലയോടെ െസ്ലാവാക്യക്ക് ഗ്രൂപ് ഇയില്‍ ആദ്യ നേട്ടമാകും. പോളണ്ടിനെതിരെ ടീം 2-1ന് ജയം നേടിയിരുന്നു.
സ്പെയിനിന് ലെവന്‍ഡോവ്സ്കിയുടെ പോളണ്ടാണ് അടുത്ത എതിരാളി. സ്വീഡന് െസ്ലാവാക്യയും. കളി വെള്ളിയാഴ്ച.



