- ഡോ. ആനി തോമസ്
ഗ്രീക്ക് മിത്തോളജിയിൽ ഭൂമി ചുമലിൽ കൊണ്ടുനടക്കുന്ന അറ്റലസ് ദേവനെ നാം കണ്ടിട്ടുണ്ട് .ഭാരം താങ്ങാൻ ആവാതെ തല എന്നും കുമ്പിട്ടു ഇരിക്കുന്ന ആ ദേവൻ നമ്മുടെ ഈ ഭൂമിദേവി തന്നെ അല്ലേ?ഈ ഭാരം എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ് എന്ന് തെളിയിച്ചു കൊണ്ടാണ് ഭൂമി ഇപ്പോൾ നമ്മുടെ ഇടയിലേക്ക് ഈ മഹാമാരി എന്ന കോവിഡിനെ അഴിച്ചു വിട്ടിരിക്കുന്നത് .എന്നാൽ കഴിഞ്ഞ രണ്ടുവര്ഷത്തിനോടകം ലോകത്തിന്റെ പല ഇടങ്ങളിലും പലവിധത്തിലുള്ള സൂചനകൾ കാറ്റായി ,മഴയായി , പ്രകൃതി ദുരന്തങ്ങൾ ആയി നമ്മുടെ മുൻപിൽ അയച്ചിട്ടും ,പാഠം പഠിക്കാത്ത നമ്മൾക്കു മുൻപിൽ ഭൂമിക്കു വേറെ മാർഗം ഇല്ലാതെ പോയി എന്ന് വേണം അനുമാനിക്കാൻ .
എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ശാസ്ത്രജ്ഞന്മാർ നമുക്ക് മുന്നറിയിപ്പുകൾ തന്നുകൊണ്ടേ ഇരുന്നു .രണ്ടായിരത്തി പതിനഞ്ചിൽ നടന്ന പാരീസ് ഉച്ചകോടിയിൽ കാലാവസ്ഥ ശാസ്ത്രജ്ഞന്മാർ വ്യക്തമായി രണ്ടു കാര്യങ്ങൾ പറഞ്ഞിരുന്നു .അതായത് നിലവിലുള്ള കാലാവസ്ഥ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകും ,കൂടുതൽ പുതിയ പ്രശ്നങ്ങൾ ഉടലെടുക്കും എന്നും, ആഗോളതാപനത്തിന്റെ ഫലമായി അതിവൃഷ്ടിയും , അനാവൃഷ്ടിയും മൂലം ലോകത്തിന്റെ തന്നെ പല സ്ഥലങ്ങളിലും രൂക്ഷമായ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകും എന്ന്.എന്നാൽ ഇത് നമ്മുടെ പല മാധ്യമങ്ങളും വലിയ പ്രാധാന്യം നൽകി ഈ വാർത്തകൾ പ്രസിദ്ധീകരിച്ചില്ല.അതിന്റെ ഫലമായി നാം നമ്മുടെ കണ്മുൻപിൽ ഉള്ള വെല്ലുവിളികൾ കാണാതെ ,അല്ലെങ്കിൽ കണ്ടില്ല എന്ന് നടിച്ചു വീണ്ടും പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടേ ഇരിക്കുന്നു.
കോവിഡ് മൂലം ലോക്കഡോൺ ആയി നാം വീടുകളിൽ തന്നെ കഴിഞ്ഞിരുന്ന സമയത്തു ഒരു ശത്രു സംഹാര പൂജ നടന്നത് പോലെ ലോകം മുഴുവനായും ഒരു ശുദ്ധീകരണം സംഭവിച്ചു എന്ന് നാം കണ്ടതാണ്. അന്തരീക്ഷ മലിനീകരണം കുറഞ്ഞു ,വായു ശുദ്ധം ആയി.,കാട്ടു മൃഗ്ങ്ങൾ പലതും നാട്ടിൽ ഇറങ്ങി ,ഭൂമി ഞങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ് എന്ന് തെളിയിച്ചു.മനുഷ്യന്റെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി കാടും മേടും വെട്ടിത്തെളിച്ചാൽ ഞങ്ങൾ വീണ്ടും ചിലപ്പോൾ നിങ്ങൾ നിങ്ങളുടേതെന്നു മാത്രം കരുതുന്ന ,ഇടങ്ങളിൽ എല്ലാം വന്നിരിക്കും എന്ന സൂചനകൾ അല്ലേ ഈ മിണ്ടാ പ്രാണികൾ നമുക്ക് തരുന്നത് ? നാം കയ്യടക്കി വെച്ചിരിക്കുന്ന പലതും അവർക്കും കൂടി അവകാശപ്പെട്ട്ടതാണ് എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
വീണ്ടും നാം പഴയപടി തന്നെ മുൻപോട്ടു പോയാൽ ഈ ഭൂമിക്കു വേറെ നിവർത്തി ഇല്ലാതെ വരും എന്നത് ഒരു സത്യം ആണ് .പല രൂപത്തിൽ കോവീടുകൾ നമ്മെ ശ്വാസം മുട്ടിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല .അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് 600 ppm എന്ന സർവ വിനാശകരമായ അളവിൽ എത്തിയാൽ ,അത് ശാസ്ത്രജ്ഞന്മാർ പറയുന്നത് പോലെ മനുഷ്യ കുലത്തിന്റെ തന്നെ ആറാമത്തെ കൂട്ട വംശനാശത്തിൽ ആയിരിക്കും കലാശിക്കുക ,ഏകദേശം 70 -90 % വരെ മനുഷ്യർ ഈ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റപ്പെടും .ഇത് സംഭവിക്കാൻ അധികം നാളുകൾ വേണ്ട ,ഏകദേശം അമ്പതുവർഷങ്ങൾ മാത്രം മതി എന്നാണ് സൂചനകൾ. ഇനിയും വൈകിയിട്ടില്ലാത്ത നമ്മുടെ വിവേകപരമായ നടപടികൾ ഒരുപക്ഷേ നമ്മളെ രക്ഷിച്ചേയ്ക്കാം.അതുകൊണ്ടു ഏറ്റവും ബുദ്ധി ഉള്ള വർഗം എന്ന നിലയിൽ സാർവർത്തീകമായി ചിന്തിക്കുക , പ്രാദേശികമായി പ്രവർത്തിക്കുക ,ഈ ഭൂമിയേയും ,അതിലെ സർവചരാചരങ്ങളെയെയും രക്ഷിക്കുക എന്നത് നമ്മുടെ ധർമം ആണ്.