നെയ്യാറ്റിന്‍കര: പോസ്റ്റ് ഓഫീസില്‍ ഉത്തരക്കടലാസുകള്‍ എത്തിക്കുന്ന വിവരം അറിയിച്ചില്ല. അധ്യാപകര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ വലഞ്ഞു. നെയ്യാറ്റിന്‍കരയിലെ വിവിധ സ്‌കൂളുകളില്‍ നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പോസ്റ്റ്‌ഓഫീസില്‍ എത്തിക്കുമെന്നോ സൂക്ഷിക്കണമെന്നോ നെയ്യാറ്റിന്‍കര പോസ്റ്റ്‌ഓഫീസില്‍ സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിരുന്നില്ല.

പോസ്റ്റ് ഓഫീസ് സമയത്തിന് ശേഷം വിവിധ സ്‌കൂളുകളിലെ പരീക്ഷാ പേപ്പറുകളുമായി അധ്യാപകര്‍ എത്തുകയായിരുന്നു. എന്നാല്‍ അറിയിപ്പ് കിട്ടാത്തതിനെ തുടര്‍ന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ ഉത്തരക്കടലാസുകള്‍ സ്വീകരിച്ചില്ല. ഓഫീസ് സമയം കഴിഞ്ഞതിനാല്‍ സ്വീകരിക്കാന്‍ കഴില്ലെന്ന നിലപാടെടുത്തതോടെ ഉത്തരക്കടലാസുമായി എത്തിയ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം എംഎല്‍എ, തഹസില്‍ദാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പോസ്റ്റ് ഓഫീസ് അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഉത്തരക്കടലാസുകള്‍ ഏറ്റുവാങ്ങാന്‍ തയാറായത്.

ഉത്തരക്കടലാസുകള്‍ എത്തിക്കാന്‍ സമയം വൈകിപ്പോയതിനെ തുടര്‍ന്നാണ് സ്വീകരിക്കാനാകാത്തതും പേപ്പറുകള്‍ എത്തിക്കുന്ന വിവരം യഥാക്രമം അറിയിച്ചിട്ടില്ലെന്നുമായിരുന്നു പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ നിലപാട്.