ന്യുഡല്‍ഹി: ട്രംപിന്റെ ഭീഷണിയെ തുടര്‍ന്നല്ല മനുഷ്യത്വം പരിഗണിച്ചാണ് മലേറിയ മരുന്ന് കയറ്റി അയക്കാന്‍ തീരുമാണിച്ചതെന്ന് ഇന്ത്യ.

ട്രംപിന്റെ ഭീഷണിയില്‍ പേടിച്ചാണ് ഇന്ത്യ ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നതെന്ന വിവാദങ്ങളെ തുടര്‍ന്നാണ് വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.

അമേരിക്കയിലേക്ക് മാത്രമല്ല കോറോണ കടുത്ത രീതിയില്‍ ബാധിച്ചിരിക്കുന്ന മറ്റു രാജ്യങ്ങളിലേക്കും ഈ മരുന്ന് കയറ്റി അയക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ മനുഷ്യത്വം പരിഗണിച്ച്‌ പാരാസെറ്റമോളും ഹൈഡ്രോക്സിക്ലോറോക്വിനും ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍ രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.

ചില മരുന്നുകളും അവയുടെ ഘടകങ്ങളും ഉള്‍പ്പെടെ 26 മരുന്നുകളുടെ കയറ്റുമതിയ്ക്ക് മാര്‍ച്ച്‌ മൂന്നോടെയാണ് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ന് 24 മരുന്നുകളുടെ കയറ്റുമതി നിയന്ത്രണമാണ് ഇന്ത്യ നീക്കിയത്.

നിയന്ത്രണം ഏര്‍പ്പെടുത്തിയ മരുന്നില്‍ പാരാസെറ്റമോള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലക്ക് നീക്കിയ പട്ടികയില്‍ പാരാസെറ്റമോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.