ന്യൂഡല്‍ഹി | കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും പെരുമാറ്റ ചട്ടങ്ങളും പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്ര കെജ്‌രിവാള്‍. നാലാം ഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചതിനു പിന്നാലെയാണ് കെജ്‌രിവാളിന്റെ ട്വീറ്റ്.

‘ചില കടകളും വ്യാപാര സ്ഥാപനങ്ങളും യാത്രാ സംവിധാനങ്ങളും ഇന്നു മുതല്‍ പ്രവര്‍ത്തിക്കുകയാണ്. കൊവിഡ് വൈറസിനെ നിയന്ത്രിക്കണമെങ്കില്‍ പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. അത് നമ്മുടെ ഉത്തരവാദിത്തമാണ്. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, മാസ്‌ക് ധരിക്കല്‍ എന്നിവ പ്രധാനമാണ്. നിങ്ങളെയും നിങ്ങളും കുടുംബവും ആരോഗ്യത്തോടെയിരിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. നാം അച്ചടക്കത്തോടെയിരുന്നാല്‍ ദൈവം നമ്മളെ സഹായിക്കും.’- ട്വീറ്റില്‍ വ്യക്തമാക്കി.

മെട്രോ ട്രെയിനുകള്‍ ഒഴികെയുള്ള പൊതു യാത്രാ സംവിധാനങ്ങളും മാളുകള്‍ ഒഴിച്ചുള്ള മാര്‍ക്കറ്റുകളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും മറ്റും പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എന്നാല്‍, 65 വയസ്സിനു മുകളിലുള്ളവര്‍ പുറത്തിറങ്ങാന്‍ പാടില്ല. അതേസമയം, നോയിഡയിലും ഗുരുഗ്രാമിലും കടകള്‍ തുറക്കാന്‍ അനുവാദമില്ല. അതിര്‍ത്തി കടക്കാന്‍ ഇപ്പോഴും പാസ് ആവശ്യമാണ്. സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍, ഇ റിക്ഷകള്‍, സൈക്കിള്‍ റിക്ഷകള്‍ എന്നിവ ഓടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒരു യാത്രക്കാരന്‍ മാത്രമെ റിക്ഷകളില്‍ സഞ്ചരിക്കാന്‍ പാടുള്ളൂ. വ്യവസായ ശാലകളുടെ പ്രവര്‍ത്തനം നിശ്ചിത സമയം പുനരാരംഭിക്കുന്നതിനും പച്ചക്കൊടി വീശിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളും പ്രവര്‍ത്തിച്ചു തുടങ്ങും.

‘കൊവിഡ് വൈറസ് നമ്മെ വിട്ടുപോകില്ല. നമ്മുടെ ജീവിതം അതിന്റെ കൂടെത്തന്നെ മുന്നോട്ടു കൊണ്ടുപോകേണ്ടി വരും. ലോക്ക് ഡൗണ്‍ സ്ഥിരമാക്കാനും കഴിയില്ല. പി പി ഇ കിറ്റുകള്‍, ആശുപത്രി കിടക്കകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയ സജ്ജീകരിക്കുന്നതിനും മറ്റുമാണ് ഇതുവരെ നാം ലോക്ക് ഡൗണ്‍ കാലയളവ് ഉപയോഗപ്പെടുത്തിയത്. ഇനി സാമ്ബത്തിക മേഖല പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സമയമാണ്.’- ഒരു ഡിജിറ്റല്‍ വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.
10,054 ആണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ തിങ്കളാഴ്ച വരെയുള്ള കണക്ക്. 5,409 പേര്‍ ചികിത്സയിലുണ്ട്. 160 പേര്‍ മരിച്ചു. 4,485 പേര്‍ക്ക് അസുഖം ഭേദമായി.