തിരുവനന്തപുരം: കെഎസ്‌ഇബിയില്‍ പുതിയ തന്ത്രം. മീറ്റര്‍ റീഡിംഗ് വൈകിപ്പിച്ച് ഉപഭോക്താക്കള്‍ക്ക്മേല്‍ കെ.എസ്.ഇ. ബി അമിത ബില്ല് ചുമത്തുന്നതായി പരാതി. 60 ദിവസത്തിനകം എടുക്കേണ്ട മീറ്റര്‍ റീഡിംഗ് ഒരാഴ്ച വൈകിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സ്ലാബ് മാറ്റം വരുത്തിയാണ് അമിത ചാര്‍ജ്ജ് ഈടാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ പലയിടങ്ങളിലും കെ.എസ്. ഇ.ബി മീറ്റര്‍ റീഡിംഗ് താളം തെറ്റിയ നിലയിലാണ്.
കെ.എസ്.ഇ. ബി എടവണ്ണപ്പാറ സെക്ഷനു കീഴിലെ ഉപഭോക്താവായ ഇസ്മായിലിനു കിട്ടിയ ഇലക്‌ട്രിസിറ്റി ബില്ലില്‍ വലിയ തോതിലുള്ള മാറ്റം വന്നിരുന്നു. മീറ്റര്‍ റീഡിംഗ് വൈകിയത് കാരണം ഇദ്ദേഹത്തിന്‍റെ താരിഫില്‍ മാറ്റം വന്നു. തുടര്‍ച്ചയായ മൂന്ന് ബില്ലുകള്‍ക്ക് ഇങ്ങനെ റീഡിംഗ് വൈകിയതു കാരണം അമിത ചാര്‍ജ്ജ് നല്‍കേണ്ടി വന്നതായി ഇസ്മയില്‍ പറഞ്ഞു.
സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ പ്രദേശത്ത് പലര്‍ക്കും സമാനമായ അനുഭവമുണ്ട്. സാധാരണ 60 ദിവസത്തിനകം മീറ്റര്‍ റീഡിംഗ് നടത്തി ബില്ല് നല്‍കുന്നതിന് പകരം കെ.എസ്.ഇ.ബി ഒരാഴ്ചയോളം റീഡിംഗ് വൈകിപ്പിക്കുന്നതായാണ് ഉപഭോക്താക്കളുടെ പരാതി. ബില്ല് വൈകുന്നതോടെ താരിഫില്‍ വലിയ മാറ്റമാണ് വരുന്നത്. അതേസമയം അമിത ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌ഇബിയുടെ മേല്‍ നിരവധി പരാതികള്‍ നേരത്തെയും ഉയര്‍ന്നിരുന്നു.
വൈദ്യുത ബോര്‍ഡ് വരുത്തുന്ന വീഴ്ച കാരണം എനര്‍ജി ചാര്‍ജ്ജ് , മീറ്റര്‍ചാര്‍ജ്ജ് ഫ്ക്സഡ്ചാര്‍ജ്ജ് എന്നിവക്കെല്ലാം ചേര്‍ത്ത് ടാക്സ് നല്‍കേണ്ടി വരുന്നത് കാരണം അമിത ബാധ്യതയാണ് ഉപഭോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. എന്നാല്‍ മീറ്റര്‍ റീഡിംഗില്‍ സംഭവിക്കുന്ന സാങ്കേതിക പിഴവുകള്‍ മാത്രമാണിതെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.