ന്യൂഡല്‍ഹി: പുകയില ഉല്പന്നങ്ങളുടെ വില്പന നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നടപടിയെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അഭിനന്ദിച്ചു. പുകയില ഉല്ന്നങ്ങള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച്‌ ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്തയ്ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രി കത്തയച്ചത്. പൊതുയിടത്തില്‍ തുപ്പുന്നതും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

മെയ് 11 ന് ഡോ. ഹര്‍ഷ് വര്‍ധന്‍ അയച്ച കത്തില്‍ പൊതുസ്ഥലത്ത് തുപ്പുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നടപടി കൈകൊള്ളാന്‍ ആവശ്യപ്പെട്ടിരുന്നു.

”പുകയില ഉല്ന്നങ്ങള്‍ നിരോധിച്ച നടപടിയെ ആദ്യമായി ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും അറിയുന്നപോലെ പുകയിലയുടെ ഉപയോഗം ഗുരതുരമായ ആരോഗ്യപ്രശ്‌നത്തിന് കാരണമാവും”- ഹര്‍ഷ് വര്‍ധന്‍ തന്റെ കത്തില്‍ സൂചിപ്പിച്ചു.

പുകവലി അല്ലാത്ത പുകയിലയുടെ ഉപയോഗം പൊതുസ്ഥലത്ത് തുപ്പുന്ന പ്രവണത വര്‍ധിക്കുന്നതിന് കാരണമാവുന്നു. അത് പന്നിപ്പനി, ടിബി തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് കാരണമാവും. ചവയ്ക്കുന്നതുമൂലം കൂടുതല്‍ ഉമിനീര്‍ ഉല്പാദിപ്പിക്കപ്പെടും. അത് പുറത്തുതുപ്പുന്നതുവഴി വൈറസ് വ്യാപനസാധ്യത വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ടാണ് പുകയില ഉല്ന്നങ്ങള്‍ ചവയ്ക്കുന്നത് ഒഴിവാക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചത്.

2020 മെയ് 1ന് ദേശീയ ദുരന്തനിവാരണ നിയമമനുസരിച്ച്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകകരമാക്കിയിരുന്നു.

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് പുകയില ഉല്പന്നങ്ങളായ സിഗരറ്റ്, ബീഡി, പാന്‍മസാല, ഹുക്ക, ഗുഡ്ക തുടങ്ങിയവയുടെ വില്പന നിരോധിച്ചത്.