ദോഹ: ഖത്തറില്‍ കോവിഡ് പിസിആര്‍ പരിശോധന നടത്താന്‍ കൂടുതല്‍ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്കി. ഇതോടെ രാജ്യത്ത് പിസിആര്‍ പരിശോധന നടത്താന്‍ അനുമതിയുള്ള ആരോഗ്യകേന്ദ്രങ്ങളുടെ എണ്ണം 70 ആയി. സ്വകാര്യ സെന്ററുകളിലെ പരിശോധനയ്ക്ക് 300 റിയാല്‍ ആണ് നിരക്കെന്നും മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ വ്യാഴാഴ്ച 313 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മരിക്കുകയും ചെയ്തു. ഇതുവരെ 214,463 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 539 പേര് മരിച്ചു. 24 മണിക്കൂറിനിടെ 522 പേര് കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 209,773 ആയി. നിലവില്‍ 4,151 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് ഇതുവരെ 19,85,181 പരിശോധനകള്‍ നടത്തി. വ്യാഴാഴ്ച മാത്രം 17,127 കോവിഡ് ടെസ്റ്റാണ് നടത്തിയത്. ഇവരില്‍ 3842 പേര് ആദ്യമായാണ് കോവിഡ് പരിശോധന നടത്തുന്നത്.



