കാലിഫോർണിയ: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ കിഴക്കേക്കര വടക്ക് യു.ഡി.എഫ്. സ്ഥാനാർത്ഥിയായ വർഗീസ് തരകന് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസും തേവലക്കര അസോസിയേഷനും രംഗത്ത്. സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്കും പാർശ്വവൽസരിക്കപ്പെട്ടവർക്കും ഒപ്പം നിന്നുകൊണ്ട് എന്നും അവർക്ക് അത്താണിയായ വർഗീസ് തരകൻ രാഷ്ട്രീയക്കാർക്കിടയിലെ വ്യത്യസ്ഥ വ്യക്തിത്വമാണ്‌. ആലംബഹീനരും, നിരാശ്രയരുമായ സഹജീവികൾക്ക് അഭയമൊരുക്കി വിശ്വമാനവികതയുടെ പുതിയ മാതൃക കാണിച്ച വ്യക്തിയാണ് വർഗീസ് തരകൻ. വലിയ ഒരു വിഭാഗം പ്രവാസികളുള്ള തേവലക്കര, മൈനാഗപ്പള്ളി പ്രദേശത്ത് നാട്ടിലെ അവരുടെ ആവശ്യങ്ങൾ മനസിലാക്കി നിറവേറ്റുന്നതിൽ എന്നും വർഗീസ് തരകൻ മുന്നിലുണ്ടായിരുന്നു. നാടും വീടും വീട്ടുകാരേം വിട്ട് പ്രവാസമനുഭവിക്കുന്നവർക്ക് ഒരു ഫോൺ വിളിക്കപ്പുറം തങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കളുടെയും ബന്ധുക്കളുടേയും ആവശ്യങ്ങളിൽ ഉത്തരമായും ആശ്വാസമായും എന്നും വർഗീസ് തരകൻ ഉണ്ടായിരുന്നു. സത്യസന്ധമായ രാഷ്ട്രീയ ശൈലിയും ലളിത ജീവിതവും പിൻതുടരുന്ന സൗമ്യമായ വ്യക്തിത്വത്തിന്റെ ഉടമയാണ് വർഗീസ് തരകൻ. പ്രവാസി കോൺഗ്രസ് കമ്മിറ്റിയും പ്രവാസി തേവലക്കര അസോസിയേഷനും സംയുക്തമായാണ് വർഗീസ് തരകന് വിജയാശംസകളും പിൻതുണയും അറിയിച്ചത്. യോഗത്തിൽ അലക്‌സാണ്ടർ വൈദ്യൻ, ചെറിയാൻ തോമസ്, തോമസ് തരകൻ, റെജിമോൻ ജോർജ്, ബിജു കൃഷ്ണൻ, മഹേഷ് ജെ.കെ., നെടുംതറയിൽ മനോജ് എന്നിവർ സംസാരിച്ചു.

അലൻ ചെന്നിത്തല