മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിന്‍ കയറി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.15 ന് ആയിരുന്നു സംഭവം. ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നവരുടെ മുകളിലൂടെ ചരക്ക് ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ തൊഴിലാളികള്‍ മധ്യപ്രദേശിലേക്ക് മടങ്ങിപ്പോകുകയായിരുന്നു. നാട്ടിലേക്ക് റെയില്‍വെ ട്രാക്കിലൂടെ നടന്ന് പോകുകയായിരുന്ന ഇവര്‍ രാത്രിയില്‍ വിശ്രമിക്കാന്‍ കിടന്നതായിരുന്നു. ലോക്ക്ഡൗണ്‍ ദുരതത്തിലാക്കിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ പലായനം ആരംഭിച്ചിരുന്നു. റോഡിലൂടെയും റെയില്‍വെ ട്രാക്കിലൂടെയും നടന്നാണ് പലരും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടാന്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ നാട്ടിലേക്ക് തിരിച്ചവരാണ് ദുരന്തത്തില്‍ പെട്ടത്.