കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ഗര്‍ഡറുകള്‍ പൊളിച്ചു തുടങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഗര്‍ഡറുകള്‍ പൊളിച്ചു നീക്കുന്ന ജോലികള്‍ തുടങ്ങിയത്. പാലത്തിന്റെ ഏകദേശം നടുക്ക് ഭാഗത്തായുള്ള ഗര്‍ഡറാണ് പൊളിച്ചത്.
ഇത്തരത്തില്‍ നൂറിലേറെ ഗര്‍ഡറുകളാണ് പൊളിച്ചു നീക്കേണ്ടത്. ഒരു ഗര്‍ഡര്‍ പൊളിച്ചു മാറ്റാന്‍ രണ്ടര മണിക്കൂറാണ് ആവശ്യമായി വരിക. പൊളിക്കുന്ന ഗര്‍ഡര്‍ ഇവിടെ വെച്ചു തന്നെ മുറിച്ച് കഷണങ്ങളാക്കി ഡിഎംആര്‍സിയുടെ മുട്ടം യാര്‍ഡിലേക്ക് മാറ്റും.
പുതിയ ഗര്‍ഡറുകളുടെ നിര്‍മാണം മുട്ടം യാര്‍ഡില്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് വിവരം. എട്ടു മാസം കൊണ്ട് പാലം പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.