കർഷക സമരത്തിൽ താൻ പാർട്ടിക്കൊപ്പവും കർഷകർക്കൊപ്പവും നിലകൊള്ളുന്നു എന്ന് ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോൾ. കർഷക സമരത്തിൽ സ്ഥാപിത താത്പര്യമുള്ളവർ ഉണ്ടെന്നും അവർക്ക് അവരുടേതായ അജണ്ട ഉണ്ടെന്നും സണ്ണി ഡിയോൾ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സണ്ണി രംഗത്തെത്തിയത്.

“ഇത് ഞങ്ങളുടെ കർഷകരും സർക്കാരും തമ്മിലുള്ള പ്രശ്നമാണെന്ന് ലോകത്തോട് അറിയിക്കുന്നു. അവർക്കിടയിൽ വരരുത്. കാരണം. ചർച്ചകൾക്ക് ശേഷം ഇരു കൂട്ടരും എന്തെങ്കിലും തീരുമാനിക്കും. അവസരം മുതലെടുത്ത് ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവർ കർഷകരല്ല. അവർക്ക് അവരുടെ അജണ്ടയുണ്ട്. ഞാൻ പാർട്ടിക്കും കർഷകർക്കും ഒപ്പമാണ്. നമ്മുടെ സർക്കാർ എപ്പോഴും കർഷകരുടെ നല്ലതിനു വേണ്ടിയാണ് ശ്രമിക്കുന്നത്. കർഷകരുമായി ചർച്ച നടത്തി സർക്കാർ നല്ല ഒരു തീരുമാനം എടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”- സണ്ണി കുറിച്ചു.

 

അതേസമയം, കർഷക സംഘടനകൾ ആഹ്വാനം ചെയ്ത നാളത്തെ ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. ശിവസേനയും ജാർഖണ്ഡ് മുക്തിമോർച്ചയും കൂടി പിന്തുണ അറിയിച്ചതോടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടികളുടെ എണ്ണം പതിനാറായി. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ നേതൃത്തിൽ ഇന്ന് എല്ലാ ജില്ലകളിലും കർഷക റാലികൾ നടക്കും.

നാളെ വൈകുന്നേരം മൂന്നുമണി വരെയാണ് കർഷക സംഘടനകളുടെ ഭാരത് ബന്ദ്. മൂന്ന് കാർഷിക നിയമങ്ങളും, വൈദ്യുതി ബില്ലും പിൻവലിക്കാതെ പ്രക്ഷോഭം പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ.