കൊച്ചി: സംസ്ഥാന അതിര്‍ത്തിയില്‍ മലയാളികളെ തടയുന്ന വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗ് ഇന്ന്. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വാളയാറും തലപ്പാടിയും അടക്കമുള്ള ചെക്‌പോസ്റ്റുകളില്‍ പാസ് കിട്ടാതെ മലയാളികള്‍ കുടുങ്ങിയ പശ്ചാസ്ഥലത്തിലാണ് കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെടുന്നത്.
നേരത്തെയും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും കോടതി ഇത്തരം ഇടപെടലുകള്‍ നടത്തിയിരുന്നു. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പാസ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു. കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് രോഗപ്പകര്‍ച്ച ഉണ്ടാകുമെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ചില ക്രമീകരണങ്ങള്‍ക്ക് വിധേയമായേ കഴിയൂ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
പാസില്ലാതെ അതിര്‍ത്തിയില്‍ എത്തിയവര്‍ മടങ്ങുക മാത്രമേ വഴിയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വാളയാര്‍ ചെക്‌പോസ്റ്റില്‍ നിരവധി മലയാളികളാണ് മണിക്കൂറുകളായി കാത്തു നില്‍ക്കുന്നത്, രാത്രിയോടെയാണ് ഇവരെ കൊയമ്ബത്തൂരിലെ താല്‍ക്കാലിക കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനമായത്.