പാലക്കാട് ജില്ലയില്‍ പുതുതായി രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നും വന്ന കാരകുര്‍ശ്ശി സ്വദേശിക്കും ദുബൈയില്‍ നിന്നും വന്ന പട്ടാമ്ബി സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശി ഉള്‍പ്പെടെ 9 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

മെയ് എട്ടിന് രാവിലെ 9 മണിക്ക് ചെന്നൈയില്‍ നിന്നും വാളയാര്‍ ചെക്ക് പോസ്റ്റിലെത്തിയ കാരകുര്‍ശ്ശി സ്വദേശി ഉച്ചക്ക് ഒന്നര വരെ ചെക്ക് പോസ്റ്റില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ചെമ്ബൈ സംഗീത കോളേജിലെത്തി റെജിസ്ട്രേഷന്‍ നടത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ഇരുന്നു. മെയ് 14ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ സാമ്ബിള്‍ പരിശോധനക്ക് നല്‍കി വീണ്ടും വീട്ടില്‍ നിരീക്ഷണത്തിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത 10 പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. മെയ് 7ന് ദുബൈയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി വന്ന പട്ടാമ്ബി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ നിന്നും ടാക്സിയിലാണ് പട്ടാമ്ബിയിലെത്തിയത്. മെയ് 8 മുതല്‍ 13 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ പാലക്കാട് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9 ആയി. ദമാമില്‍ നിന്ന് വന്ന പാലക്കാട് സ്വദേശി രോഗബാധിതനായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 6696 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.