ന്യുഡല്‍ഹി: പെഗസസ് ചോര്‍ത്തലില്‍ തുടരുന്ന പ്രതിഷേധവും കര്‍ഷക പ്രക്ഷോഭവും നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പെഗസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പട്ട് പാര്‍ലമെന്റ് സമ്മേളനം തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തെ തുറന്നുകാട്ടണമെന്ന് ബി.ജെ.പി എം.പിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു .
സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കണമെന്നാണ് ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി പാര്‍ട്ടി എം.പിമാരോട് ആവശ്യപ്പെട്ടത്. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഒഴിഞ്ഞു മാറിയെന്നും മറ്റ് പ്രതിപക്ഷ കക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനെ തടഞ്ഞുവെന്നും മോദി ആരോപിച്ചു.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തുടങ്ങിയതുമുതല്‍ പ്രതിപക്ഷപ്രതിഷേധത്തില്‍ സഭാ നടപടികള്‍ തടസ്സപ്പെടുകയാണ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നഡ്ഡ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, രാജ്യസഭാ കക്ഷിനേതാവ് പിയൂഷ് ഗോയല്‍ തുടങ്ങിയ നേതാക്കളും എം.പിമാരും പങ്കെടുത്തു.