മൂന്നാം ഏകദിനത്തില്‍ തിരിച്ചടിച്ച ഇന്ത്യ പരമ്പര തൂത്തുവാരാമെന്ന് ഓസീസ് പ്രതീക്ഷകളാണ് തകര്‍ത്തത്. ബാറ്റ്സ്മാന്‍മാരും ബൌളര്‍മാരും ഒരുപോലെ തിളങ്ങിയതോടെയാണ് വിജയം ഇന്ത്യയെ തേടിയെത്തിയത്. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജഡേജയും പാണ്ഡ്യയും ചേര്‍ന്ന് 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിക്കുറിച്ചതാണ് ഈ മത്സരത്തിലെ ഒരു സവിശേഷത.

ആറാം വിക്കറ്റില്‍ 150 റണ്‍സാണ് ജഡേജയും പാണ്ഡ്യയും കൂട്ടിച്ചേര്‍ത്തത്. ഓസ്ട്രേലിയയ്ക്കെതിരെ 21 വര്‍ഷം മുമ്പുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ റെക്കോര്‍ഡാണ് ജഡേജ-പാണ്ഡ്യ സഖ്യം തകര്‍ത്തത്. 1999ല്‍ കൊളൊംബോയില്‍വെച്ച്‌ റോബിന്‍ സിങ്-സദഗോപന്‍ രമേശ് സഖ്യം തീര്‍ത്ത 123 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ജഡേജയും പാണ്ഡ്യയും പഴങ്കഥയാക്കിയത്. –

108 പന്തില്‍നിന്നാണ് ഇരുവരും ചേര്‍ന്ന് 150 റണ്‍സെടുത്തത്. 32-ാമത്തെ ഓവറിലാണ് ജഡേജ-പാണ്ഡ്യ സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നത്. അപ്പോള്‍ ഇന്ത്യ അഞ്ചിന് 152 റണ്‍സ് എന്ന നിലയിലായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ 76 പന്തില്‍ നിന്ന് ഏഴു ഫോറും ഒരു സിക്സും ഉള്‍പ്പടെ 92 റണ്‍സെടുത്തപ്പോള്‍, ജഡേജ 50 പന്തില്‍ അഞ്ചു ഫോറും മൂന്നും സിക്സറും സഹിതം 66 റണ്‍സെടുത്തു.

303 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ കളിയുടെ തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ ഇന്ത്യ മേല്‍ക്കൈ നേടി. എന്നാല്‍ പിന്നീട് ഓള്‍‌റൌണ്ടര്‍ ഗ്ലെന്‍ മാക്‍സ്‌വെല്‍ ബാറ്റിങ്ങിനെത്തിയതോടെ കളി മാറി. അദ്ദേഹം ക്രീസിലെത്തുമ്പോള്‍ 30.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് അവര്‍ നേടിയത്. മാക്സ്വെല്‍ തകര്‍ത്തടിച്ചതോടെ അവസാന 6 ഓവറില്‍ 39 റണ്‍സ് എന്ന നിലയിലേക്ക് ഓസീസ് വിജയലക്ഷ്യം ചുരുങ്ങി. അവര്‍ ജയിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ ക്യാപ്റ്റന്‍ കോഹ്‌ലി പന്ത് ബുംറയ്ക്ക് കൈമാറിയതോടെ കളി തിരിഞ്ഞു.

45-ാം ഓവറിന്റെ മൂന്നാം പന്തില്‍ ക്യാപ്റ്റന്‍റെ പ്രതീക്ഷ കാത്ത വിക്കറ്റ് എത്തി. വമ്പന്‍ ഷോട്ടിന് മുതിര്‍ന്ന മാക്സ്വെല്ലിനെ നിഷ്പ്രഭനാക്കിക്കൊണ്ടാണ് ബുംറയുടെ ക്ലീന്‍ യോര്‍ക്കര്‍ സ്റ്റംപ് പിഴുതത്. 3 ബൗണ്ടറികളും 4 സിക്സറുകളും ഉള്‍പ്പെടെ 38 പന്തില്‍ 59 റണ്‍സ് നേടിയ മാക്സ് വെല്ലിന്‍റെ ശ്രദ്ധേയമായ ഇന്നിംഗ്സാണ് ഈ യോര്‍ക്കറില്‍ അവസാനിച്ചത്. ഈ വിക്കറ്റോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. ഓസ്‌ട്രേലിയയെ 49.3 ഓവറില്‍ പുറത്താക്കിയാണ് ഇന്ത്യ ജയം ആഘോഷിച്ചത്.