ഇസ്ലാമാബാദ്: മഹാരാജ് രഞ്ജിത് സിംഗിന്റെ പ്രതിമ വീണ്ടും ആക്രമിച്ച് മതമൗലികവാദികൾ. പാകിസ്താനിലെ ലഹോറിൽ സ്ഥാപിച്ച സിഖ് ഭരണാധികാരിയുടെ പ്രതിമയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കുതിരപ്പുറത്ത് ഇരിക്കുന്ന മഹാരാജിന്റെ പ്രതിമയ്‌ക്ക് നേരെയാണ് ആക്രമണം നടന്നത്. മഹാരാജിന്റെ പ്രതിമയെ കുതിരപ്പുറത്ത് നിന്നും താഴെ ഇടുകയും അപമാനിക്കുകയും ചെയ്യുന്നതായും വീഡിയോയിൽ കാണാം. സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ രൂക്ഷ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

2019 ജൂണിലാണ് സിഖ് ഭരണാധികാരിയുടെ ഓർമ്മയ്‌ക്കായി ഹവേലിയിൽ പ്രതിമ സ്ഥാപിച്ചത്. കുതിരപ്പുറത്ത് ഇരിക്കുന്ന മഹാരാജിന്റെ പൂർണകായ പ്രതിമയായിരുന്നു അത്. എന്നാൽ ഇത് മൂന്നാമത്തെ തവണയാണ് രഞ്ജിത് സിംഗിന്റെ പ്രതിമയ്‌ക്ക് നേരെ ആക്രമണം നടക്കുന്നത്. 2019 ഓഗസ്റ്റിൽ തീവ്ര ഇസ്ലാമിക സംഘടനകൾ പ്രതിമ ആക്രമിച്ച് തകർത്തിരുന്നു. തുടർന്ന് 2020 ഡിസംബറിലും മതമൗലികവാദികൾ പ്രതിമയ്‌ക്ക് നേരെ ആക്രമണം നടത്തുകയുണ്ടായി.