ബീജിംഗ്: പരീക്ഷണത്തിലിരിക്കുന്ന കൊറോണ വാക്‌സിന്‍ ചൈന ജനങ്ങള്‍ക്ക് വിതരണം ചെയ്‌തതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങി ആയിരക്കണക്കിന് ജനങ്ങളില്‍ കുത്തിവെച്ചതായാണ് സൂചന. അടുത്തഘട്ടത്തില്‍ അദ്ധ്യാപകര്‍, സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍, വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവര്‍ എന്നിവര്‍ക്കാവും വാക്‌സിന്‍ നല്‍കുക. കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം വാക്‌സിന്‍ തിടുക്കം കാട്ടി വിതരണം ചെയ്യുന്നതിലെ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി. പരീക്ഷണം പൂര്‍ത്തിയാക്കാതെ വാക്‌സിന്‍ കുത്തിവെക്കുന്നത് പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നും ചിലരില്‍ വിപരീതഫലം വരെ ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒരു രാജ്യവും ഇതുവരെ സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത വാക്‌സിന്‍ വിപുലമായ രീതിയില്‍ ആളുകള്‍ക്ക് നല്‍കി തുടങ്ങിയിട്ടില്ല. അതിനിടയിലാണ് ചൈന തിടുക്കം കാട്ടി വാക്‌സിന്‍ വിതരണം ചെയ്യുന്നത്.