വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ചു വിശ്വാസികള്‍ പുതിയ ലോകത്തിനു മാതൃകയാവണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ. മേജര്‍ ആര്‍ക്കിസ്‌കോപ്പല്‍ അരമനയില്‍ നടത്തിയ പെസഹ കുര്‍ബാനയില്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുകയായിരുന്നു അദ്ദേഹം. കര്‍ത്താവിന്റെ കാരുണ്യം ലോകത്തിനു തെടുംതൂണായി മാറും. അചഞ്ചലമായ വിശ്വാസമാണ് ഈ പെസഹ ഓര്‍മ്മിപ്പിക്കുന്നത്. കരുതലും തലോടലും കൊണ്ട് ഈ ലോകത്തെ നിലനിര്‍ത്താന്‍ പരമകാരുണ്യവനായ കര്‍ത്താവിനു കഴിയുമെന്നു ഈ ദിനം ഓര്‍മ്മപ്പെടുത്തുന്നു. സങ്കീര്‍ത്തനത്തിലെ വാചകങ്ങള്‍ പോലും സാക്ഷ്യപ്പെടുത്തുന്നത് അതാണ്. ഈജിപ്തിലെ ഫറവോന്‍ മുതല്‍ ഇസ്രായേല്‍ മക്കള്‍ വരെ അത് അനുഭവിച്ചതാണ്. കഷ്ടതയുടെയും സഹനത്തിന്റെയും നടുവിലും വിശ്വാസത്തിലൂന്നിയ വെളിച്ചം അവര്‍ക്ക് കൈവന്നു. അവരുടെ ജീവിതത്തെ അതു പരിപോഷിപ്പിച്ചു. പുതിയ ലോകത്തെ കാണിച്ചു കൊടുക്കാന്‍ നീതിമാനായ ദൈവം അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടു പറഞ്ഞത്, 117-ാമത്തെ സങ്കീര്‍ത്തനത്തിലെ രണ്ടാം വാക്യം, നമ്മളോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്. കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കും എന്നാണ്. ലോകം മുഴുവന്‍ കൊറോണയുടെ പീഢയില്‍ വലയുമ്പോള്‍ സമൂഹത്തിനു മാതൃകയായി നിലകൊള്ളുവാന്‍ ഈ പെസഹ വ്യാഴ ശുശ്രൂഷയിലൂടെ കഴിയട്ടെ എന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
അന്ത്യഅത്താഴത്തിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള െ്രെകസ്തവര്‍ ഇന്ന് പെസഹ ആചരിക്കുകയാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ദേവാലയ ശുശ്രൂഷകള്‍ ഇത്തവണ ഇല്ലെങ്കിലും വിശ്വാസികള്‍ ടെലിവിഷന്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ശുശ്രൂഷകളുടെ ഭാഗഭാക്കാകുന്നുണ്ട്. മെത്രാന്‍മാരും വൈദികരും ദേവാലയങ്ങളില്‍ ജനപങ്കാളിത്തമില്ലാതെ ശുശ്രൂഷകള്‍ നടത്തുന്നുണ്ട്.
കുരിശുമരണത്തിന് ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്മരിച്ചു ഭവനങ്ങളില്‍ വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും.