ന്യൂഡല്‍ഹി : പബ്ജിക്ക് അടിമയായിരുന്ന 15 കാരനായ കൊച്ചുമകന്‍ മുത്തച്ഛന്റെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങള്‍. ഡല്‍ഹിയിലെ തിമര്‍പൂരിലാണ് സംഭവം നടന്നത്. അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിച്ചതായുള്ള മെസേജ് ശ്രദ്ധയില്‍പ്പെട്ട 65കാരന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്.
അക്കൗണ്ട് ബാലന്‍സായി 275 രൂപ മാത്രമേയുള്ളൂ എന്നതായിരുന്നു സന്ദേശം. താന്‍ തട്ടിപ്പിന് ഇരയായി എന്ന് ധരിച്ച് 65കാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകന്റെ തട്ടിപ്പ് പുറത്തുവന്നത്. മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നും പേടിഎം വാലറ്റിലേക്കാണ് 2.3 ലക്ഷം രൂപ മാറ്റിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒടിപി വഴിയായിരുന്നു തുക ട്രാന്‍സ്ഫര്‍ ചെയ്ത് 15 കാരന്‍ തട്ടിപ്പ് നടത്തിയത്.
അന്വേഷണത്തില്‍ പങ്കജ് കുമാര്‍ എന്ന 23കാരന്റെ പേരിലാണ് പേടിഎം വാലറ്റ് എന്ന് കണ്ടെത്തി. 15 കാരന്റെ സുഹൃത്തായിരുന്നു പങ്കജ്. എന്നാല്‍ താനല്ല തന്റെ സുഹൃത്താണ് വാലറ്റ് ഉപയോഗിച്ചതെന്ന് പങ്കജ് പൊലീസിനോട് പറഞ്ഞതോടെയാണ് 65 കാരന്റെ ചെറുമകന്‍ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. രണ്ട് മാസം കൊണ്ടാണ് അക്കൗണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ കാലിയാക്കിയത്. മുത്തച്ഛന്റെ ഫോണില്‍ വന്ന ഒടിപി മെസേജുകള്‍ ഡിലീറ്റ് ചെയ്തതും താന്‍ തന്നെയാണെന്നും 15കാരന്‍ പറഞ്ഞു.