പത്തനതിട്ട ജില്ലയിലെ വിവിധയിടങ്ങളിലിറങ്ങിയ കടുവ ആക്രമണകാരിയാകുന്ന പക്ഷംവെടിവച്ചു കൊല്ലാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നു വനം മന്ത്രി കെ രാജു. ഒമ്ബത് ദിവസം മുമ്ബ് ജനവാസ മേഖലയിലിറങ്ങിയ കടുവ ഇപ്പോഴും പിടികൊടുക്കാതെ തുടരുകയാണ്. കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. വനം വകുപ്പിന്‍റെ വിദഗ്ധ സംഘം മേഖലയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. നിലവില്‍ കടുവയെ ജീവനോടെയൊ മയക്കുവെടി വെച്ചോ പിടിക്കാന്‍ സാധിക്കാത്ത പക്ഷം വെടിവയ്ക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇതു സംബന്ധിച്ച ഉത്തരവും നല്‍കിയിട്ടുണ്ട്.
തെരച്ചില്‍ സംഘത്തെ കൂടുതല്‍ വിപുലപ്പെടുത്താനും ആലോചനയുണ്ട്. കൊല്ലം ആര്യങ്കാവില്‍ നിന്ന് ഉള്‍പ്പെടെ കൂടുതല്‍ വനപാലകരെ ഇങ്ങോട്ടെത്തിക്കും. നിലവില്‍ 4 ടീമുകളായുള്ള തെരച്ചിലില്‍ ഒരു ടീമിന് 4 കിലോ മീറ്റര്‍ പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. കടുവയെ കണ്ട കോന്നി തണ്ണിത്തോട്ടിലും റാന്നി വടശ്ശേരിക്കര ഭാഗങ്ങളിലും 25 ക്യാമറകള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. വനം മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ചേര്‍ന്ന് ഇതുവരെയുള്ള നടപടികള്‍ വിലയിരുത്തി.