പത്തനംതിട്ട : വിദേശത്ത് നിന്ന് പത്തനംതിട്ട ജില്ലയില്‍ 33 ഗര്‍ഭിണികള്‍ ഇതുവരെ എത്തിയിട്ടുണ്ട്. ഇവരെ വീട്ടില്‍ ക്വാറന്റൈനില്‍ ആക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇനിയും ആളുകള്‍ വിദേശത്ത് നിന്നെത്തും. എന്നാല്‍ ഇവര്‍ക്കാവശ്യമായ ഗൈനക്കോളജിസ്റ്റുകള്‍ ജില്ലയിലുണ്ടോയെന്നത് സംശയമാണ്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 15 ഗൈനക്കോളജിസ്റ്റുകളാണുള്ളത്.

മല്ലപ്പള്ളി, കോന്നി താലൂക്കുകളില്‍ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭിക്കുന്നില്ല. ലേബര്‍ റൂം, ഓപ്പറേഷന്‍ തിയറ്റര്‍, ഗര്‍ഭിണികള്‍ക്കാവശ്യമായ മറ്റ് സൗകര്യങ്ങള്‍ എന്നിവ ഇല്ലാത്തതിനാലാണ് ഈ രണ്ട് താലൂക്കുകളില്‍ ഗൈനക്കോളജിസ്റ്റുകള്‍ ഇല്ലാത്തത്.

ലോക്ക് ഡൗണില്‍ മല്ലപ്പള്ളിയില്‍ നിന്നുള്ള രോഗികള്‍ തിരുവല്ല താലൂക്ക് ആശുപത്രിയേയും കോഴഞ്ചേരി ജില്ലാ ആശുപത്രിയേയുമാണ് ആശ്രയിക്കുന്നത്. കോന്നിയില്‍ നിന്നുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് എത്തുന്നത്. എന്നാല്‍ കോഴഞ്ചേരിയിലും പത്തനംതിട്ടയിലും കൊറോണ നിരീക്ഷണത്തിന് വാര്‍ഡ് ക്രമീകരിച്ചിരിക്കുന്നതിനാല്‍ പത്തനംതിട്ടയില്‍ എത്തുന്ന ഗര്‍ഭിണികളും പ്രസവം കഴിഞ്ഞതുമായ സ്ത്രീകളെ അടൂര്‍ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയെ ആശ്രയിക്കുന്ന ചിറ്റാര്‍, സീതത്തോട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ടിവരികയാണ്. ആദിവാസി വിഭാഗങ്ങളടക്കം ഇതില്‍പ്പെടും.

പത്തനംതിട്ടയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍
15 ഗൈനക്കോളജിസ്റ്റുകള്‍

“ആവശ്യത്തിന് ഗൈനക്കോളജിസ്റ്റുകള്‍ ജില്ലയിലുണ്ട്. ഗര്‍ഭിണികളായ സ്ത്രീകളെ വീട്ടില്‍ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഐസൊലേഷന്‍ കാലാവധിയ്ക്ക് ശേഷം പരിശോധനാ ഫലം നെഗറ്റീവ് എങ്കില്‍ അവര്‍ക്ക് താല്‍പര്യമുള്ള ഏത് ആശുപത്രിയിലും പോകാന്‍ തടസങ്ങളില്ല. പോസിറ്റീവാണെങ്കില്‍ ഐസൊലേഷന്‍ ആശുപത്രിയില്‍ തുടരേണ്ടി വരും. ”

ഡോ. നന്ദിനി

ഡെപ്യൂട്ടി ഡി.എം.ഒ

സര്‍ക്കാര്‍ ആശുപത്രികളും

ഗൈനക്കോളജിസ്റ്റുകളുടെ എണ്ണവും

കോഴഞ്ചേരി ജില്ലാ ആശുപത്രി : – 3
പത്തംതിട്ട ജനറല്‍ ആശുപത്രി :- 4

അടൂര്‍ ജനറല്‍ ആശുപത്രി : – 4

തിരുവല്ല താലൂക്ക് ആശുപത്രി :- 2

റാന്നി താലൂക്ക് ആശുപത്രി :- 2

മല്ലപ്പള്ളി താലൂക്ക് ആശുപത്രി :- 0

കോന്നി താലൂക്ക് ആശുപത്രി :- 0