പത്തനംതിട്ട: കോവിഡ് നിരീക്ഷണത്തിലിരുന്ന വിദ്യാര്‍ഥിനിയുടെ വീട് ആക്രമിച്ച കേസില്‍ മാതാവിന്റെ മൊഴി മാറ്റിയെഴുതിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടു വിദ്യാര്‍ഥിനി വീടിനു മുന്‍പില്‍ നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. കേസ് അന്വേഷണ ചുമതല അടൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനി നിരാഹാരസമരം അവസാനിപ്പിച്ചത്.

വിദ്യാര്‍ത്ഥനിയുടെ അമ്മയുടെ മൊഴി മാറ്റിയ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ രാവിലെയാണ് വിദ്യാര്‍ത്ഥിനി നിരാഹാരസമരം ആരംഭിച്ചത്. ആക്രണത്തില്‍ പ്രതികളായ മൂന്നുപേരെക്കൂടി പൊലീസ് ഇന്ന് അറസ്റ്റു ചെയ്തു. മാതാവിന്റെ മൊഴി രേഖപ്പെടുത്തിയതില്‍ അപാകതയില്ലെന്നു ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു. പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും മൊഴി അനുസരിച്ചുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിട്ടുള്ളതെന്നും കെ.ജി.സൈമണ്‍ പറഞ്ഞു.

മാതാവ് നല്‍കിയ മൊഴിയുടെ പകര്‍പ്പ് വാങ്ങാന്‍ ശനിയാഴ്ച രാവിലെ പിതാവ് തണ്ണിത്തോട് പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് മൊഴിപ്പകര്‍പ്പ് ലഭിക്കാതെ പോകില്ലെന്ന് പറഞ്ഞതോടെ പിന്നീട് നല്‍കുകയായിരുന്നു. മൊഴിപ്പകര്‍പ്പ് വായിച്ചപ്പോള്‍ മൊഴിയില്‍ മാറ്റമുണ്ടെന്ന് സംശയം തോന്നിയ പിതാവ് വീട്ടിലേക്ക് വിളിച്ച്‌ വിവരം അറിയിച്ചു. ഇതോടെ യഥാര്‍ഥ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുന്നതു വരെ നിരാഹാരം നടത്താന്‍ വിദ്യാര്‍ഥിനി തീരുമാനിക്കുകയായിരുന്നു.

കോയമ്ബത്തൂരില്‍ നിന്ന് നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടിന് നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് വീടിന് നേരെ ആക്രമണമുണ്ടായത്.