പത്തനംതിട്ട: ജില്ലയില്‍ ഏനാത്തും ആനപ്പാറയിലും അന്യസംസ്ഥാനതൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടാണ് ബീഹാറുകാരായ മുന്നൂറോളംപേരാണ് പ്രതിഷേധിച്ചത്. ഇവരെ പോലീസ് ലാത്തി വീശി ഓടിച്ചു. മാസ്കുപോലും വയ്ക്കാതെയാണ് അന്യസംസ്ഥാനക്കാര്‍ എത്തിയത്.

തിരുവല്ല വഴി പോകേണ്ടിയിരുന്ന ട്രെയിന്‍ അവസാനനിമിഷം റദ്ദാക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സ്ഥലത്തെത്തിയ പോലീസ് ഇവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും പിരിഞ്ഞുപോകാന്‍ തയാറായില്ല. തൊഴിലാളികളോട് പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിരുന്നു.

1500 പേര്‍ക്കാണ് ബീഹാറിലേക്ക് പോകാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം അടക്കമുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് പുറപ്പെടേണ്ട ട്രെയിന്‍ നാളെ മാത്രമേ പുറപ്പെടൂവെന്ന് അവസാന നിമിഷമാണ് അറിയിപ്പ് വന്നത്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

ആനപ്പാറയിലെ സ്‌കൂളിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. ഇവര്‍ നാട്ടിലേക്ക് പോകാന്‍ ഇറങ്ങിയതിന് പിന്നാലെ അധികൃതര്‍ സ്‌കൂള്‍ പൂട്ടി. ഇതോടെ പെരുവഴിയിലായി തൊഴിലാളികള്‍.