പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും ആസ്ഥികള്‍ അറ്റാച്ച് ചെയ്യുന്നതിനും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും ജില്ലയ്ക്കുള്ളിലെ അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് ഉത്തരവില്‍ പറയുന്നു. ധനകാര്യ സ്ഥാപനത്തിന്റെ ശാഖകളിലും മറ്റ് ഓഫീസുകളിലും സൂക്ഷിച്ചിരിക്കുന്ന പണം, സ്വര്‍ണം, മറ്റ് ആസ്തികള്‍ എന്നിവയുള്‍പ്പെടെ എല്ലാ സ്വത്തുക്കളും അറ്റാച്ചുചെയ്യും.

പോപ്പുലര്‍ ഫിനാന്‍സിന്റെ ധനകാര്യ സ്ഥാപനങ്ങള്‍, പങ്കാളികള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളുടെ വിശദാംശങ്ങള്‍ നല്‍കാനും സ്വത്തുക്കളുടെ കൈമാറ്റം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജില്ലയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. കേരള ഹൈക്കോടതിയുടെയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും 2013 ലെ സാമ്പത്തിക സ്ഥാപന നിയമത്തിലെ സെക്ഷന്‍ നാല് പ്രകാരം നിക്ഷേപകരുടെ താത്പര്യ സംരക്ഷണം മുന്‍നിര്‍ത്തിയുമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.