പതിനാറാമത്തെ കുഞ്ഞിന് ജന്മം നൽകി 45കാരി മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ ദമോ ജില്ലയിലാണ് സംഭവം. പ്രസവത്തിൽ കുഞ്ഞും മരിച്ചു.
സുഖ്റാണി അഹിർവാർ എന്ന 45കാരിയാണ് പതിനാറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ദമോ ജില്ലയിലെ പടാജ്ഹിർ സ്വദേശിനിയാണ് യുവതി. ശനിയാഴ്ചയാണ് ഇവർ തന്റെ പതിനാറാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. സാമൂഹിക പ്രവർത്തകനായ കല്ലോ ഭായി വിശ്വകർമയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
പ്രസവത്തിന് പിന്നാലെ യുവതിയുടേയും കുഞ്ഞിന്റേയും ആരോഗ്യനില മോശമായി. ഉടൻ തന്നെ സമീപത്തെ പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തിച്ചെന്നും എന്നാൽ മരണം സംഭവിക്കുകയായിരുന്നുവെന്നും കല്ലോ ഭായ് വിശ്വകർമ പറഞ്ഞു. ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. സംഗീത ത്രിവേദിയും സംഭവം സ്ഥിരീകരിച്ചു. സുഖ്റാണി അഹിർവാർ ജന്മം നൽകിയ പതിനഞ്ച് കുഞ്ഞുങ്ങളിൽ ഏഴ് പേർ നേരത്തേ മരിച്ചിരുന്നു.