ബെയ്ജിങ്: കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രമുഖ വൈറോളജിസ്റ്റും ചൈനീസ് ബാറ്റ് വുമണുമായ എന്നറിയപ്പെടുന്ന ഡി സെങ്‌ലി. ഇപ്പോള്‍ ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വൈറസ് മഞ്ഞുമലയുടെ കേവലം ഒരു അറ്റം മാത്രമാണെന്നും ഇനിയും പഠനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത പകര്‍ച്ച വ്യാധികളും വരുമെന്നും ഷി പറയുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഡപ്യൂട്ടി ഡയറക്ടര്‍ കൂടിയാണ് ഷി.
‘ ശാസ്ത്രത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്്. വരാനിരിക്കുന്ന പകര്‍ച്ചവ്യാധികളില്‍നിന്നു സമൂഹത്തെ രക്ഷിക്കണമെങ്കില്‍ മൃഗങ്ങളില്‍ കണ്ടുവരുന്ന അജ്ഞാതമായ വൈറസുകളെക്കുറിച്ച് കൃത്യമായി പഠനം നടത്തി കാലേക്കൂട്ടി മുന്നറിയിപ്പു നല്‍കുകയാണു വേണ്ടത്. അതേക്കുറിച്ചു പഠനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത പകര്‍ച്ചവ്യാധിയും എത്തും.’ ഷി പറഞ്ഞു.
വുഹാനിലെ ലാബില്‍ നിന്നല്ല കൊറോണ വൈറസ് പകര്‍ന്നത്. ഇതുവരെ ഗവേഷണം നടത്തിയിട്ടുള്ള വൈറസുകളുടെ ജനിതകഘടനയ്ക്ക് ഇപ്പോള്‍ മനുഷ്യരില്‍ പടരുന്ന കൊറോണ വൈറസിന്റേതുമായി യാതൊരു സാമ്യവുമില്ലെന്നും ഷി പറഞ്ഞു.