ന്യൂജഴ്സി ∙ ഈയിടെ സമാപിച്ച ന്യൂജഴ്സി ഇന്ത്യന്‍ ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച അഭിനേത്രിയായി മലയാളിയായ അര്‍ച്ചന പ്രദീപ്‌ തിരഞ്ഞെടുക്കപ്പെട്ടു. ശില്പ കൃഷ്ണന്‍ ശുക്ല സംവിധാനം ചെയ്ത “കഥ @ 8” എന്ന സിനിമയിലെ അഭിനയമാണ് അര്‍ച്ചനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

ശില്പ കൃഷ്ണന്‍ രചന, നിര്‍മ്മാണം, സംവിധാനം എന്നിവ നിവ്വഹിച്ച് പൂര്‍ണമായി സിംഗപ്പൂരില്‍ നിര്‍മ്മിച്ച പ്രസ്തുത സിനിമ, മലയാളം, തമിഴ്, പഞ്ചാബി, ഗുജറാത്തി, ബംഗാളി, തെലുങ്ക്‌, മറാത്തി, ആസ്സാമീസ് എന്നീ എട്ട് വ്യസ്ത്യസ്ത ഭാഷകളില്‍ കോര്‍ത്തിണക്കിയ ഒരു ആന്തോളജി മൂവിയാണ്.

2019 ല്‍ പുറത്തിറങ്ങിയ “കഥ @8” പ്രശസ്തമായ പല ഫിലിം ഫെസ്റ്റിവലുകളിലും അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2019 കേരള ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, 2019 സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (ബെസ്റ്റ് ഫിലിം ജൂറി അവാര്‍ഡ്‌), 2020 തേര്‍ഡ് ഐ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ ( ബെസ്റ്റ് ഫീമെയില്‍ ഡയറക്ടർ), 2020 രാജസ്ഥാന്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (ബെസ്റ്റ് ഇന്റര്‍ നാഷണല്‍ ഫീച്ചര്‍ ഫിലിം) എന്നിവ അവയില്‍ ചിലതാണ്.

ഇക്കഴിഞ്ഞ നവംബര്‍ 27 മുതല്‍ 29 വരെ നടത്തപ്പെട്ട ന്യൂ ജഴ്സി ഇന്ത്യന്‍ ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ “ഫീച്ചര്‍ ഫിലിം” വിഭാഗത്തില്‍ ആണ് “കഥ @ 8” മാറ്റുരച്ചത്. മറ്റുള്ള മുഴുനീള ഫീച്ചര്‍ ഫിലിമുകളില്‍ അഭിനയിച്ചവരെ പിന്തള്ളിയാണ് കേവലം 13 മിനിട്ടുകള്‍ മാത്രമുള്ള മലയാളം കഥാഭാഗത്ത്‌ അഭിനയിച്ച അര്‍ച്ചന മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഫെസ്റ്റിവലില്‍ മികച്ച മൂന്നു സംവിധായകരില്‍ ഒരാളായി “കഥ @ 8” ന്‍റെ സംവിധായിക ശില്പ കൃഷ്ണന്‍ ശുക്ലയും തിരഞ്ഞെടുക്കപ്പെട്ടു.

സിംഗപ്പൂരില്‍ സ്ഥിരതാമസമായ അര്‍ച്ചന തൃശ്ശൂര്‍ സ്വദേശിയാണ്. ആദ്യചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ അര്‍ച്ചന മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കാം