തിരുവനന്തപുരം: നേത്രാവദി എക്‌സ്പ്രസില്‍ യാത്ര ചെയ്ത മലയാളിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ 12 ന് തിരുവനന്തപുരത്ത് നിന്നും തിരിച്ച്‌ 13 ന് മുംബൈയിലെത്തിയ നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്ത മലയാളിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

എസ് 8 കോച്ചിലാണ് ഇദ്ദേഹം യാത്ര ചെയ്തത്. രത്‌നഗിരിയില്‍ ഇറങ്ങിയ ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മഹാരാഷ്ട്രയില്‍ 88 മലയാളികളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച്‌ ഇന്നലെ മാത്രം 120 പേര്‍ മരണപ്പെട്ടു. ഇതോടെ മരണസംഖ്യ നാലിയരത്തോടടുത്തിരിക്കുകയാണ്. അതേസമയം മുംബൈയില്‍ നിന്നുള്ള സബര്‍ബന്‍ ട്രെയിനുകള്‍ ഇന്ന് മുതല്‍ വീണ്ടും സര്‍വ്വീസ് ആരംഭിക്കും. ആദ്യഘട്ടത്തില്‍ അവശ്യ സര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്. ഐഡി കാര്‍ഡുകള്‍ പരിശോധിച്ച്‌ മാത്രമാണ് ടിക്കറ്റുകള്‍ നല്‍കുക. യാത്രക്കാരുടെ എണ്ണം 1200 ല്‍ നിന്ന് 700 ആയി കുറച്ചിട്ടുണ്ട്.

സബര്‍ബര്‍ ട്രെയിനിലെ സര്‍വീസ് തുടങ്ങാന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി മഹാരാഷ്ട്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം തുടരുകയായിരുന്നു. കേരളത്തില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 54 പേരില്‍ 13 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയവരായിരുന്നു.

കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് കേരളത്തില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 23 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 13, സൗദി അറേബ്യ- 5, നൈജീരിയ- 3, കുവൈറ്റ്- 2) 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 13, തമിഴ്‌നാട്- 9, കര്‍ണാടക- 1, ഡല്‍ഹി- 1, ഹരിയാന-1) വന്നതാണ്. 3 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.