റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മറിന്റെ അമ്മ നദീനെ ഗോണ്‍സാല്‍വസ് സാന്തോസിന്റെ പുതിയ ജീവിത പങ്കാളി നെയ്മറെക്കാള്‍ ആറു വയസ്സിന് ചെറുപ്പമുള്ള യുവാവ്. കംപ്യൂട്ടര്‍ ഗെയിമറും മോഡലുമായ ബ്രസീലിലെ പെര്‍നാംബുകോ സ്വദേശിയായ 22കാരന്‍ തിയാഗോ റാമോസുമായി 52കാരിയായ നദീനെ ഡേറ്റിംഗിലാണെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാര്യം സ്ഥിരീകരിച്ച്‌ ഇരുവരും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രം ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറിന്റെ മാതാവ് പുതിയ ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിനു നെയ്മറും അദ്ദേഹത്തിന്റെ പിതാവായ വാഗ്നര്‍ റിബെയ്‌റോയും ആശംസകളറിയിച്ചു. സന്തോഷത്തോടെയിരിക്കു അമ്മേ, സ്‌നേഹത്തോടെ എന്നായിരുന്നു നെയ്മറുടെ മറുപടി.

2016 ല്‍ നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നര്‍ റിബെറോയില്‍ നിന്ന് കാല്‍നൂറ്റാണ്ട് പിന്നിട്ട വിവാഹ ബന്ധത്തില്‍ നിന്ന് നദീനെ വിവാഹമോചനം നേടിയിരുന്നു. നദീനെ ഗോണ്‍സാല്‍വസിനെ പരിചയപ്പെടും മുമ്ബെ നെയ്മറുടെ കടുത്ത ആരാധകനായിരുന്നു തിയാഗോ റാമോസെന്ന് വിവിധ ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.