സംസ്ഥാനത്ത് നിരോധനാജ്ഞ കർശനമാക്കും. ഇതിനായി പൊലീസിന് നിർദേശം നൽകി. രോഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ അത്യാവശ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. എല്ലാവരും അച്ചടക്കം പാലിക്കണം. ബ്രേക്ക് ദ ചെയ്ൻ ശക്തമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി. ആരാധനാലയങ്ങളില്‍ 20 പേർക്ക് മാത്രം പ്രവേശനം അനുവദിക്കും.
ഫാക്ടറികൾക്കും സ്ഥാപനങ്ങൾക്കും മുഴുവൻ ആളുകളെയും ജോലിക്ക് പ്രവേശിപ്പിക്കാം. വാഹനങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യാതിരിക്കണമെന്നും മുഖ്യമന്ത്രി. കൂടാതെ പകർച്ചവ്യാധി നിരോധന നിയമപ്രകാരമുള്ള പിഴത്തുക വർധിപ്പിക്കാനും നിർദേശം ലഭിച്ചു.
അതേസമയം സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സമയമായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ കൊവിഡ് മാനദണ്ഡം അനുസരിച്ച് നടക്കും. കേന്ദ്ര സർക്കാർ മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട് എന്നാലും രോഗ വ്യാപനം വർധിച്ചതിനാൽ ഇളവ് നൽകാൻ ആവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് സംസ്ഥാനത്ത് 7871 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 25 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത 640 പേരുണ്ട്. ഇരുപത്തിനാല് മണിക്കൂറിനിടെ 60494 സാമ്പിളുകളാണ് പരിശോധിച്ചത്. 4981 പേരാണ് ഇന്ന് രോഗമുക്തരായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 54 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 146 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.