വടക്കാഞ്ചേരി: നിയന്ത്രണം വിട്ട ആംബുലന്‍സ് മതിലിടിച്ച്‌ മറിഞ്ഞ് നഴ്‌സ് മരിച്ചു. പാലക്കാട് കണ്ണാടി പാലന ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ കോട്ടയം വാകത്താനം വട്ടക്കുളത്തില്‍ വീട്ടില്‍ ജിബുമോന്‍ വി.കുര്യാക്കോസ് (32) ആണ് മരിച്ചത്. പാലന ആശുപത്രിയുടെ ആംബുലന്‍സാണ് ഇന്നലെ രാവിലെ 11 ഓടെ

വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം സംസ്ഥാന പാതയില്‍ അപകടത്തില്‍പ്പെട്ടത്. ബൈക്കപകടത്തില്‍ പരിക്കേറ്റ പാലക്കാട് സ്വദേശിനി സീതയെ (40) മുളങ്കുന്നത്തുകാവ്‌ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്.

മറ്റൊരു വാഹനത്തെ മറികടക്കുമ്ബോള്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് സമീപത്തെ ഗോഡൗണിന്റെ മതിലില്‍ ഇടിച്ച്‌ മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആംബുലന്‍സ് ഇടിച്ച്‌ കരിങ്കല്‍ മതില്‍ തകര്‍ന്നു. ആംബുലന്‍സില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ ജിബു സംഭവസ്ഥലത്ത് തന്നെ മരിച്ചു

ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഉണ്ണിക്കൃഷ്ണന്‍ (28), റെജികുമാര്‍ (26), അനിത (22), ഷിജു (27) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.